രാജ്യത്ത് കൊറോണ വൈറസ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ സെപ്റ്റംബര്‍ 23ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യത്ത് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി അവലോകന യോഗം നടത്തും. മഹാരാഷ്ട്ര, തമിഴ് നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, ഡല്‍ഹി, ഉത്തര്‍പ്രദേശ് തുടങ്ങിയവയുടെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി ചര്‍ച്ച നടത്തുക. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ് നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം കോവിഡ് കേസുകളുള്ളത്.
ഇന്നലെ രാജ്യത്ത് കോവിഡ് കേസുകള്‍ 53 ലക്ഷം കടന്നിരുന്നു. 93337 കേസുകളാണ് ഇന്നലെ സ്ഥിരീകരിച്ചത്. 79.28 ശതമാനമാണ് നിലവില്‍ രോഗമുക്തി നിരക്ക് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. 85619 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. പോസിറ്റിവിറ്റി റേറ്റ് 10.58 ശതമാനമായി ഉയര്‍ന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ലോകത്ത് കോവിഡ് കേസുകളില്‍ രണ്ടാമതും കോവിഡ് മരണത്തില്‍ മൂന്നാമതുമുള്ള ഇന്ത്യ പ്രതിദിന കേസുകളുടെ കാര്യത്തില്‍ ഒന്നാമതാണ്.