ന്യൂഡല്‍ഹി: കോവിഡ് പ്രോട്ടോക്കോളില്‍ ഗുരുതര വീഴ്ചവരുത്തി എയര്‍ഇന്ത്യ എക്സ്പ്രസ്. കോവിഡ് രോഗിയായ ക്യാബിന് ക്രൂവുമായി വിമാനം സര്‍വീസ് നടത്തി. നവംബര്‍ 13ന് മധുര-ഡല്‍ഹി വിമാനത്തിലാണ് കോവിഡ് രോഗിയായ ക്യാബിന് ക്രൂ സഞ്ചരിച്ചത്.
രോഗവിവരം അറിഞ്ഞിട്ടും ബന്ധപ്പെട്ടവര്‍ സര്‍വീസ് തടഞ്ഞില്ല. ഗുരുതര വീഴ്ച അന്വേഷിക്കുമെന്ന് എയര്‍ഇന്ത്യ അറിയിച്ചു. നിലവില്‍ ഡല്‍ഹി-മധുര സര്‍വീസ് നടത്തുന്ന വിമാനമായിരുന്നു ഇത്. ഇതിലെ ജീവനക്കാര്‍ക്ക് പ്രീ-ഫ്ലൈറ്റ് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമല്ല. എന്നാല്‍ ഹെഡ് ക്രൂ അംഗം അടുത്ത ദിവസം അന്താരാഷ്ട്ര വിമാന സര്‍വീസില്‍ പ്രവര്ത്തിക്കേണ്ടിയിരുന്നു. ഇതിനാലാണ് കോവിഡ് പരിശോധന നടത്തിയതും പോസിറ്റിവാണെന്ന് തെളിഞ്ഞതും. ഇതിനു പിന്നാലെ നവംബര്‍ 14 മുതല്‍ ഇവരെ മാറ്റി നിര്‍ത്തിയതായും അധികൃതര്‍ അറിയിച്ചു.