കോഴിക്കോട്: സംസ്ഥാനത്തെ റേഷന്‍കടകളില്‍ ഗോതമ്ബിന് പകരം ആട്ട വിതരണം. മുന്‍ഗണന വിഭാഗമായ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുടമകള്‍ക്കാണ് ഗോതമ്ബിന് പകരം ആട്ട വിതരണം ചെയ്യുന്നത്. എന്നാല്‍ ഭക്ഷ്യഭദ്രത നിയമമനുസരിച്ച് ഗോതമ്ബാണ് വിതരണം നടത്തേണ്ടത്. നിലവില്‍ സംസ്ഥാനത്ത് പിങ്ക് കാര്‍ഡുടമകള്‍ക്ക് സൗജന്യമായും മഞ്ഞക്കാര്‍ഡിന് കിലോഗ്രാമിന് രണ്ടു രൂപ നിരക്കിലുമാണ് ഗോതമ്ബ് നല്‍കുന്നത്.
കേന്ദ്ര ഗവണ്മെന്റിന്റെ പി.എം.ജി.കെ.വൈ പ്രകാരം മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക് ഓരോ അംഗത്തിനും ഒരു കിലോഗ്രാം വീതം ഗോതമ്ബും സൗജന്യമായി നല്‍കുകയാണ് പതിവ്. ഗോതമ്ബിന് പകരം ആട്ട നല്കുമ്ബോള് കിലോക്ക് ആറുരൂപ വീതം ഉപഭോക്താക്കള്‍ നല്‍കേണ്ടിവരും. എന്നാല്‍ ഇത്തരമൊരു നടപടി കുത്തക കമ്ബനികള്‍ക്ക് ലാഭം കൊയ്യാന്‍ വഴിയൊരുക്കുന്നു. ഗോതമ്ബും ആട്ടയും തമ്മില്‍ ഗുണത്തിലും വ്യത്യാസമേറെയാണ്. കേരളത്തില്‍ മാത്രമാണ് ഗോതമ്ബിനു പകരം ആട്ട വിതരണം ചെയ്യുന്നതെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു. റേഷന്‍കടകളില്‍ വിതരണം ചെയ്യുന്ന മട്ട അരിയെക്കുറിച്ചും നിലവില്‍ ആക്ഷേപമുണ്ട്.
കേരളത്തിന് പുറത്തുനിന്ന് നിലവാരം കുറഞ്ഞ അരി എത്തിച്ച് റേഷന്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുകയാണ്. കഴുകുമ്ബോള്‍ ചുവപ്പുനിറം നഷ്ടമാകുന്ന അരിയാണ് പലയിടത്തുമുള്ളത്. വടക്കന്‍ ജില്ലകളില്‍ മട്ടക്ക് അത്ര പ്രിയമില്ല. പുഴുങ്ങലരിക്കാണ് ഡിമാന്‍ഡ്. വെള്ള മട്ടയരിക്കും ആവശ്യക്കാരുണ്ടെങ്കിലും ഗോഡൗണ്‍ അധികൃതരുടെയും കരാറുകാരുടെയും ഇഷ്ടക്കാരായ റേഷന്‍ കടക്കാര്‍ക്ക് മാത്രം നല്കുന്ന പതിവുണ്ട്.