ഭോപ്പാല്‍: തന്റെ സ്വത്തിന്റെ പകുതി വളര്‍ത്തുനായയുടെ പേരില്‍ എഴുതി വെച്ച് കര്ഷകന്. മദ്ധ്യപ്രദേശിലാണ് സംഭവം. ജാക്കി എന്ന നായയ്ക്കാണ് കര്‍ഷകനായ ഓം നാരായണ്‍ വര്‍മ്മ തന്റെ സ്വത്തുക്കളുടെ 50 ശതമാനം എഴുതി നല്‍കിയത്. ബാക്കി പകുതി സ്വത്ത് രണ്ടാം ഭാര്യയായ ചമ്ബ വര്‍മ്മയുടെ പേരിലാണ് ഓംനാരായണ്‍ എഴുതി വെച്ചിരിക്കുന്നത്.
ചിന്ദ്വാര ജില്ലയിലെ ബന്ദിബ്ര ഗ്രാമത്തിലാണ് നാരായണ്‍ വര്‍മ്മ താമസിക്കുന്നത്. ചമ്ബ വര്‍മ്മയോടും ജാക്കിയോടുമാണ് ഇദ്ദേഹത്തിന് ഏറ്റവും അധികം അടുപ്പമുള്ളത്. എല്ലാ കാര്യങ്ങളിലും തന്നോടൊപ്പം നിന്ന ജാക്കിയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
18 ഏക്കര്‍ ഭൂമിയാണ് ഓംനാരായണിന് ഉള്ളത്. ഇതില്‍ 9 ഏക്കറാണ് നായയ്ക്ക് നല്‍കിയിരിക്കുന്നത്. ഇതോടെ കോടിപതിയായി മാറിയിരിക്കുകയാണ് ഈ നായ. ഓംനാരായണിന്റെ മരണ ശേഷം നായയെ നോക്കുന്നത് ആരാണോ അവര്‍ക്കായിരിക്കും ഈ സ്വത്തുക്കള്‍ ലഭിക്കുക. മക്കളുടെ പെരുമാറ്റത്തില്‍ മനംനൊന്താണ് ഓംനാരായണ്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നും പറയപ്പെടുന്നുണ്ട്.