ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തുന്നതിന് സഞ്ചരിക്കുന്ന ക്ലിനിക്ക് തുടങ്ങുന്നു
തിരുവനന്തപുരം: വിവിധ ആരോഗ്യപ്രശ്നങ്ങള്‍മൂലം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കെ.എസ്.ആര്.ടി.സിയില്‍ മരിച്ചത് 388 ജീവനക്കാര്‍. ആഴ്ചയില്‍ ശരാശരി ഒരാളെന്ന നിലയില്‍ മരണം സംഭവിക്കുന്നുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ മൂന്നരമാസത്തിനിടെ മാത്രം 14 പേരാണ് മരിച്ചത്. ഇൗ സാഹചര്യത്തില്‍ ജീവനക്കാരുടെ ആരോഗ്യ സുരക്ഷക്ക് ഉൗന്നല്‍ നല്‍കുന്നതിന് തലസ്ഥാന ജില്ലയില്‍ സഞ്ചരിക്കുന്ന മൊബൈല്‍ ക്ലിനിക്കും മറ്റ് ജില്ലകളില്‍ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളുമായി ചേര്‍ന്ന് മെഡിക്കല്‍ ചെക്അപ് നടത്തുന്നതിന് 29 ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചു.
ആരോഗ്യപരിപാലനം സംബന്ധിച്ച് ജീവനക്കാര്‍ക്കിടയില്‍ വേണ്ടത്ര അറിവില്ലാത്തതാണ് ഇത്തരത്തിലുള്ള മരണങ്ങള് വര്‍ധിക്കാനുള്ള കാരണം. ഇത് മാറ്റുന്നതിന് ജീവനക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി ബോധവത്കരണം നടത്താനും അവരുടെ ശാരീരികക്ഷമതയെക്കുറിച്ച് മൂന്ന് മാസത്തിലൊരിക്കല്‍ ചെക്കപ്പുകള്‍ നടത്താനുമാണ് ലക്ഷ്യമിടുന്നത്.
ബസുകളില്‍ വായുസഞ്ചാരം കുറവായതിനാല്‍ ഡ്രൈവര്‍മാര്‍ക്ക് ഉണ്ടാകുന്ന പ്രയാസങ്ങള്‍ മാറ്റാനായി എല്ലാ ബസുകളിലും വശങ്ങളില് കിളിവാതിലുകള്‍ ഏര്‍പ്പെടുത്തും. ഡ്രൈവര്‍ സീറ്റിന് സമീപം കുപ്പി വെള്ളം സൂക്ഷിക്കുന്നതിനുള്ള സൗകര്യവും ഒരുക്കും.
സംസ്ഥാനത്ത് തിരുവനന്തപുരം ജില്ലയിലാണ് കെ.എസ്.ആര്.ടി.സിക്ക് ഏറ്റവും കൂടുതല്‍ ഡിപ്പോയും ജീവനക്കാരുമുള്ളത്. ഇവിടെ 7000ത്തോളം ജീവനക്കാരുണ്ട്. ഇവരുടെ മെഡിക്കല്‍ ചെക്കപ്പിന് വേണ്ടിയാണ് മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്ക് ആരംഭിക്കുന്നത്. ഇതിനായി ഒരു ബസിനെ പരിശോധന ലാബായി രൂപമാറ്റം വരുത്തും.
ഡിപ്പോകള്‍ കുറഞ്ഞ മറ്റ് ജില്ലകളില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുമായി ചേര്‍ന്ന് പരിശോധനക്കുള്ള സജ്ജീകരണം ഒരുക്കാനും നിര്‍ദേശം നല്കി.