കോഴിക്കോട്: കേരള കോണ്‍ഗ്രസ് -എം ജോസ് വിഭാഗം മുന്നണി വിടാതെ നോക്കണമായിരുന്നുവെന്ന് കെ. മുരളീധരന് എംപി. ഇരുഭാഗത്തും വിട്ടുവീഴ്ച വേണമായിരുന്നു. ജോസ് കെ. മാണി കാണിച്ചത് അബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
കെ. കരുണാകരന്റെ കാലത്ത് ആരും മുന്നണി വിട്ടുപോയിട്ടില്ല. പിളര്‍ന്ന കേരള കോണ്‍ഗ്രസുകളെയെല്ലാം അദ്ദേഹം കൂടെ നിര്ത്തിയിട്ടേയുള്ളൂവെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
കേവലം ജില്ലാ പഞ്ചായത്ത് സീറ്റിന്റെ പേരിലാണ് മുന്നണിക്കു പുറത്തുപോയത്. കൂടുതല്‍ കക്ഷികള്‍ മുന്നണി വിട്ടുപോയാല്‍ പ്രവര്‍ത്തകരുടെ ആത്മവിശ്വാസത്തെ ബാധിക്കും. മുന്നണി വിട്ടവരെ തിരിച്ചു കൊണ്ടുവരണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
അധികാരം നിലനിര്‍ത്താന്‍ എന്തു വൃത്തികെട്ട കളിയും കളിക്കുന്നവരാണ് എല്‍ഡിഎഫ്. കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ പോലും അനുവദിക്കാത്തവരായിരുന്നു അവരെന്ന് ഓര്‍ക്കണമെന്നും മുരളി പറഞ്ഞു.