വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള വെബ്സൈറ്റ് ഹാക്ക് ചെയ്തു. ചൊവ്വാഴ്ച 30 മിനിട്ടോളം വെബ്സൈറ്റ് ഹാക്കിങ്ങിന് വിധേയമായെന്നാണ് റിപ്പോര്‍ട്ട്.
വെബ്സൈറ്റ് ഹാക്ക് ചെയ്ത് ക്രിപ്റ്റോ കറന്‍സിയുടെ പരസ്യം ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തു. ട്രംപിന്റേയും ബന്ധുക്കളുടെയും രഹസ്യ സംഭാഷണങ്ങളെ കുറിച്ചുള്ള വിവരങ്ങളും തങ്ങളുടെ കൈവശമുണ്ടെന്ന് ഇവര്‍ അവകാശപ്പെടുന്നു. യുഎസ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെ ഉള്‍പ്പടെ വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഇടപെടലുകളുണ്ടാവുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലാണ് യുഎസിലെ അന്വേഷണ ഏജന്‍സികള്‍. അതിനിടെയാണ് ട്രംപിന്റെ തന്നെ വെബ്സൈറ്റ് ഹാക്കിങ്ങിന് വിധേയമാവുന്നത്.
വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട വിവരം ട്രംപിന്റെ വക്താവ് സ്ഥിരീകരിച്ചു. പൊലീസുമായി ബന്ധപ്പെട്ട് ഹാക്കിങ്ങിന്റെ ഉറവിടം കണ്ടെത്തും. പ്രധാനപ്പെട്ട ഡാറ്റകളൊന്നും നഷ്ടമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. യുഎസ് അന്വേഷണ ഏജന്‍സിയായ എഫ്ബിഐ ഹാക്കിങ് സംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.