കൊച്ചി: പൊതു-സ്വകാര്യവത്കരണ പദ്ധതിപ്രകാരം തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അടക്കം നല്കിയ ഹരജികള്‍ ൈഹകോടതി തള്ളി. വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാനുള്ള ലേലത്തില്‍ പങ്കെടുത്ത ശേഷം ലഭിക്കാതെ വന്നതോടെ കോടതിയെ സമീപിച്ച നടപടി അനുവദിക്കാനാവില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്, ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഹരജികള്‍ തള്ളിയത്.
‘കിട്ടാത്ത മുന്തിരി പുളിക്കും’ എന്ന ചൊല്ലിന് ഉദാഹരണമായി സര്ക്കാറിെന്റയും കെ.എസ്.ഐ.ഡി.സിയുെടയും ഹരജികളെ കോടതി ചൂണ്ടിക്കാട്ടി. വിമാനത്താവളം ൈകമാറുന്നതില് പൊതുതാല്പര്യം ഒട്ടുമില്ലെന്നും വാദം അംഗീകരിക്കാനാവില്ലെന്നും എല്ലാ വിമാനത്താവളങ്ങളുടെയും നടത്തിപ്പ് ഒരാള്‍തന്നെ ലേലത്തില്‍ പിടിച്ചതോടെ പടച്ചുവിട്ട ആരോപണം മാത്രമായേ ഇതിനെ കാണാനാവൂവെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാറിനുപുറമെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്പറേഷന്, എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് യൂനിയന്‍, മുന്‍ മന്ത്രി എം. വിജയകുമാര്‍ എന്നിവരടക്കം നല്കിയ ഏഴ് ഹരജികള്‍ നേരത്തേ ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഹൈകോടതി ഡിവിഷന് ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരായ അപ്പീല്‍ പരിഗണിച്ച സുപ്രീം കോടതി വിധി റദ്ദാക്കി ഹരജികള്‍ വീണ്ടും പരിഗണിച്ച് തീര്‍പ്പാക്കാന്‍ ഹൈകോടതിക്ക് നിര്‍ദേശം നല്കി തിരിച്ചയച്ചു.
ഈ ഹരജികള്‍ കോടതിയുടെ പരിഗണനയിലിരിക്കെയാണ് തിരുവനന്തപുരം വിമാനത്താവളത്തിെന്റ നടത്തിപ്പ്, പരിപാലനം, വികസനം എന്നിവയുടെ ചുമതല 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് പാട്ടത്തിന് നല്‍കാനുള്ള കേന്ദ്രാനുമതി ഉണ്ടായത്.
തുടര്‍ന്നാണ് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കോടതിയെ സമീപിച്ചത്. ഇതോടെയാണ് മുഖ്യ ഹരജിയടക്കം ഹരജികള്‍ കോടതി വാദം കേട്ട് തീര്‍പ്പാക്കിയത്.
സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറലുമായ വികാസ് സിങ്ങാണ് സംസ്ഥാന സര്‍ക്കാറിനുവേണ്ടി ഹാജരായത്. കേന്ദ്രസര്‍ക്കാറിനു വേണ്ടി അഡീ. സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജന് ഹാജരായി.
അദാനി ഗ്രൂപ് േക്വാട്ട് ചെയ്ത തുകക്ക് വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാന്‍ തയാറാണെന്നും അദാനിക്ക് നടത്തിപ്പ് ചുമതല നല്കിയ ലേലനടപടികളില്‍ അപാകതയുണ്ടെന്നുമായിരുന്നു സര്‍ക്കാറടക്കം ഹരജിക്കാരുടെ വാദം. ടെന്‍ഡറില്‍ പങ്കെടുത്തവര്‍ക്ക് ടെന്‍ഡറിലെ വ്യവസ്ഥകള്‍ ചോദ്യം ചെയ്യാനാകില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.
നിയമോപദേശം തേടിയശേഷം തുടര്‍ നടപടി -മുഖ്യമന്ത്രി
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി തള്ളിയ ഹൈകോടതി വിധിയില്‍ നിയമോപദേശം തേടിയശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
ഹൈകോടതി വിധി നിര്‍ഭാഗ്യകരം -സുധീരന്
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് തീറെഴുതാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് പച്ചക്കൊടി കാണിക്കുന്ന ഹൈകോടതി വിധി നിര്‍ഭാഗ്യകരവും നീതിനിഷേധവുമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന് വ്യക്തമാക്കി.
ഡല്‍ഹി വിമാനത്താവളം സ്വകാര്യവത്കരിക്കുക വഴി രാഷ്ട്രത്തിനുവന്ന വന്‍നഷ്ടം ചൂണ്ടിക്കാണിക്കുന്ന സി.എ.ജി റിപ്പോര്‍ട്ടും സ്വകാര്യവത്കരണത്തിെന്റ ദോഷവശങ്ങള്‍ ചൂണ്ടിക്കാട്ടുന്ന പാര്‍ലമെന്ററി കമ്മിറ്റി റിപ്പോര്‍ട്ടുകളും എയര്‍പോര്‍ട്ട് എംപ്ലോയീസ് യൂനിയനും മറ്റ് ഹരജിക്കാരും ഹൈകോടതി മുമ്ബാകെ ബോധിപ്പിച്ചിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.