കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരായി. തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിനു പിന്നാലെ വ്യാഴാഴ്ച രാവിലെയാണ് അദ്ദേഹം ഹാജരായത്.
ചോദ്യം ചെയ്യലില്‍ ഇളവു തേടി രവീന്ദ്രന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അതിലെ വിധിക്ക് കാത്തുനില്‍ക്കാതെ രാവിലെ 8.50 ഓടെ ഇഡി ഓഫീസില്‍ എത്തുകയായിരുന്നു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ചോദ്യം ചെയ്യല്‍ മണിക്കൂറുകളോളം നീളുന്നത് ഒഴിവാക്കണമെന്നും ചോദ്യം ചെയ്യാന്‍ സമയപരിധി നിശ്ചയിക്കണമെന്നുമാവശ്യപ്പെട്ടു രവീന്ദ്രന് നല്കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായിരുന്നു. ഹര്‍ജിയിലെ ഇടക്കാല ആവശ്യമായ സ്റ്റേ അനുവദിക്കാന്‍ കോടതി തയാറായിരുന്നില്ല.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണക്കേസുകളില്‍ ഡിസംബര്‍ 17നു ചോദ്യംചെയ്യലിന് ഹാജരാകാന്‍ രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് സമയം നിശ്ചയിക്കണമെന്നും അഭിഭാഷകനെ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.