സംവിധായകന് സനല്‍കുമാര്‍ ശശിധരന് തന്റെ സഹോദരിയുടെ മരണത്തിനു പിന്നിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. സനലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിരല്‍ചൂണ്ടുന്നത് ഇപ്പോഴും സജീവമായി തുടരുന്ന അവയവ മാഫിയയുടെ ഉള്ളറകളിലേക്കാണ്. കോവിഡ് ഭേദമായി വീട്ടിലെത്തിയതിനു ശേഷം പെടുന്നനെ മരിച്ച തന്റെ അച്ഛന്റെ സഹോദരിയുടെ മകളുടെ കരള്‍ ആരുമറിയാതെ വിറ്റുവെന്നും പോസ്റ്റ്മോര്‍ട്ടം നടത്താതെ പോലീസ് ഉദ്യോഗസ്ഥര്‍ മൃതദേഹം ദഹിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെന്നും സനല്‍ കുറിപ്പില്‍ പറയുന്നു.
ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് മൃതദേഹമുള്ളത്. പോസ്റ്റുമോര്‍ട്ടം ചെയ്യാതെ മൃതദേഹം ദഹിപ്പിക്കുന്നതിലൂടെ തെളിവ് നശിപ്പിക്കാനാണ് പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്ന് സനല്‍ ചൂണ്ടിക്കാട്ടി. കോവിഡ് പോസിറ്റീവ് ആണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതോടെ തെളിവുകള്‍ നശിപ്പിക്കാന്‍ വളരെ എളുപ്പമാണെന്നും കരളാണോ അതോ മറ്റേതെങ്കിലും അവയവങ്ങള്‍ വിറ്റിട്ടുണ്ടോയെന്ന് അറിയേണ്ടതുണ്ടെന്നും സനല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സംസ്ഥാനത്ത് അവയവക്കച്ചവട മാഫിയയുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലുണ്ടായ ഈ മരണം വളരെ ദുരൂഹവും സംശയാസ്പദവുമാണെന്ന് സനല്‍ ശശിധരന് ചൂണ്ടിക്കാട്ടുന്നു.