കുറ്റിപ്പുറം: നാഗ്പൂരില്‍നിന്ന് അരിലോറിയില്‍ കടത്താന്‍ ശ്രമിച്ച 1,38,50,000 രൂപ രഹസ്യവിവരത്തെ തുടര്‍ന്ന് തവനൂരില്‍ എക്സൈസ് എന്‍ഫോഴ്സ്മെന്റ് പിടികൂടി. ലോറി ഡ്രൈവര്‍ തൃപ്രങ്ങോട് സ്വദേശി വെള്ളിയപ്പറമ്ബില് വൈശാഖിനെ (30) കസ്റ്റഡിയിലെടുത്തു. ലോറിയില്‍ പ്രത്യേകം തയാറാക്കിയ രണ്ട് അറകളിലായാണ് പണം ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ചത്.
നാഗ്പൂരിലുള്ള ഷിനോ എന്നയാള്‍ ചാലിശ്ശേരിയിലുള്ള സഹോദരന് ഷിജോയ്ക്ക് നല്‍കാനാണ് പണം അയച്ചത്. 25ഓളം ടണ്‍ ഭക്ഷ്യവസ്തുക്കളാണ് ലോറിയിലുണ്ടായിരുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് വാഹനം പിന്തുടര്‍ന്ന എന്‍ഫോഴ്സ്മെന്റ് സംഘം എടപ്പാള്‍ കുറ്റിപ്പാലയില്‍ ലോറി തടഞ്ഞു. പിന്നീട് ലോറി തവനൂര്‍ കൂരടയില്‍ എത്തിച്ച് ലോഡിറക്കി നോക്കിയപ്പോഴാണ് രഹസ്യ അറകള്‍ കണ്ടെത്തിയത്. കാലങ്ങളായി സംഘം ഹവാല ഇടപാടിലും നികുതി ടാക്സ് വെട്ടിച്ചും പണം കേരളത്തിലേക്ക് കടത്താറുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു.
സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സി.ഐ അനില്‍കുമാറിെന്റ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത തുക കുറ്റിപ്പുറം സി.ഐ ശശീന്ദ്രന് മേലയിലിന് കൈമാറിയിട്ടുണ്ട്. ആദായ നികുതി വകുപ്പിന് വിവരങ്ങള്‍ കൈമാറിയതായി അന്വേഷണ സംഘം പറഞ്ഞു.