ശ്രീനഗര്‍: നിയമവിരുദ്ധമായി തന്നെ വീണ്ടും തടഞ്ഞുവെച്ചതായി പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) നേതാവും ജമ്മു കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. എന്‍ഐഎ കസ്റ്റഡിയിലുള്ള പിഡിപി യുവജന വിഭാഗം പ്രസിഡന്റ് വാഹിദ് പാരയുടെ പുല്‍വാമയിലുള്ള കുടുംബത്തെ സന്ദര്‍ശിക്കാന്‍ അധികൃതര്‍ തന്നെ അനുവദിക്കുന്നില്ല. മകള്‍ ഇല്‍തിജയും വീട്ടുതടങ്കലിലാണെന്ന് മെഹബൂബ മുഫ്തി ആരോപിച്ചു.
“എന്നെ വീണ്ടും നിയമവിരുദ്ധമായി തടഞ്ഞുവെച്ചു. കഴിഞ്ഞ രണ്ട് ദിവസമായി വാഹിദ് പരയുടെ പുല്‍വാമയിലുള്ള കുടുംബത്തെ സന്ദര്‍ശിക്കാന്‍ ജമ്മു കാഷ്മീര്‍ ഭരണകൂടം തന്നെ അനുവദിക്കുന്നില്ല. ബിജെപി മന്ത്രിമാര്‍ക്കും അവരുടെ കളിപ്പാവകള്‍ക്കും കാഷ്മീരിന്റെ ഏത് മുക്കിലും മൂലയിലും സഞ്ചരിക്കാന്‍ കഴിയും. എന്നാല്‍ തന്റെ കാര്യത്തില്‍ മാത്രമാണ് സുരക്ഷാ പ്രശ്നം’ – മുഫ്തി ട്വീറ്റ് ചെയ്തു.
ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ നവീദ് ബാബു പങ്കാളിയായ ഭീകരാക്രമണക്കേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വഹീദിനെ എന്‍ഐഎ ബുധനാഴ്ച അറസ്റ്റു ചെയ്തിരുന്നു. വഹീദിനെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റു ചെയ്തത്. വാഹിദിന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതിന്റെ പേരിലാണ് തന്റെ മകളെ വീട്ടുതടങ്കലിലാക്കിയതെന്നും മുഫ്തി ആരോപിക്കുന്നു.