കൊച്ചി: നടിയ ആക്രമിച്ചകേസില്‍ വിസ്താരം വെള്ളിയാഴ്ച വരെ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയും സര്‍ക്കാരും നല്കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി നിര്‍ദേശം.
വിചാരണ കോടതിയില്‍ വിശ്വാസം ഇല്ലെന്ന് പറഞ്ഞ് പ്രോസിക്യൂഷന് കോടതിയില്‍ നിന്ന് ഇറങ്ങി പോകുന്ന സാഹചര്യം വരെ ഉണ്ടായിരുന്നതിനാല്‍ നിലവില്‍ കേസില്‍ വിചാരണ നടക്കുന്നില്ല
അതേസമയം, കേസില്‍ വിചാരണക്കോടതിക്കെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ആക്രമിക്കപ്പെട്ട നടിയുടെയും മഞ്ജു വാര്യരുടെയും മൊഴി രേഖപ്പെടുത്തുന്നതില്‍ വിചാരണക്കോടതിക്ക് വീഴ്ച സംഭവിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. കേസിലെ എട്ടാം പ്രതിയായ ദിലീപ് മകളെ ഉപയോഗിച്ച് തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് മഞ്ജു വാര്യര്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഈ മൊഴി രേഖപ്പെടുത്താന്‍ വിചാരണക്കോടതി തയാറായില്ല.
തന്നെ വകവരുത്തുമെന്ന് ദിലീപ് നടി ഭാമയോട് പറഞ്ഞതായി ആക്രമിക്കപ്പെട്ട നടിയും വിചാരണക്കോടതിയില്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യവും രേഖപ്പെടുത്താന്‍ കോടതി തയാറായില്ലെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തി.
വിചാരണക്കോടതി ജഡ്ജിക്ക് പക്ഷപാതിത്തം ഉണ്ടെന്ന് പറയാനാകുമോ എന്ന് കേസ് പരിഗണിച്ച ഹൈക്കോടതി ചോദിച്ചു. മുന്നോട്ട് പോകാനാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്നാണ് വിശദമായ വാദം വെള്ളിയാഴ്ച കേള്‍ക്കാമെന്ന് ഹൈക്കോടതി അറിയിച്ചത്.