കൊച്ചി: കഴിഞ്ഞ 15 വര്‍ഷത്തിലധികമായി സ്വന്തം ആസ്ഥാന മന്ദിരം പണിതീര്‍ക്കാന്‍ ശ്രമിക്കുകയാണ് കൊച്ചി നഗരസഭ. മാറി മാറി വന്ന കൗണ്‍സിലുകള്‍ ഒരു പോലെ പരാജയമായപ്പോള്‍ നഗരസഭാ ഭരണത്തിന്റെ കെടുകാര്യസ്ഥതയുടെ അടയാളമായി മാറി പണി തീരാത്ത കെട്ടിടം.
2005ലാണ് കൊച്ചി കായലിനോടുചേര്‍ന്ന് ഗോശ്രീ പാലത്തിനടുത്തുള്ള ഒന്നര ഏക്കര്‍ സ്ഥലത്ത് ആറ് നിലകള്‍ വരുന്ന ആസ്ഥാന മന്ദിരത്തിന്റെ പണിയാരംഭിച്ചത്. കോര്‍പ്പറേഷന്റെ മിഷന് കൊച്ചി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ആസ്ഥാന മന്ദിരം നിര്‍മിക്കുന്നത്. എല്ലാ നിലകളിലും മിനി കോണ്‍ഫറന്‍സ് ഹാളുകളും ഇന്റര്‍നെറ്റ് സൗകര്യവും ശുചിമുറികളും ക്രമീകരിച്ചിട്ടുണ്ട്. ബേസ്മെന്റ് ഫ്ളോറില്‍ ഇലക്ടിക്ക് റൂമും 200 കാറുകള്‍ക്ക് പാര്‍ക്കിങ് സൗകര്യവുമുണ്ട്. ഗ്രൗണ്ട് ഫ്ളോറില്‍ ജനസേവന കേന്ദ്രവും കാത്തിരിക്കാനുള്ള ഇടവും ആരോഗ്യ വിഭാഗം, ബാങ്ക്, ഡ്രൈവര്‍മാരുടെ വിശ്രമ മുറി എന്നിവയുമാണ് ഉണ്ടാവുക. 200 പേര്‍ക്ക് ഇരിക്കാവുന്ന കൗണ്‍സില്‍ ഹാള്‍, സന്ദര്‍ശക ഗാലറി, മേയറുടെ മുറി, ഡെപ്യൂട്ടി മേയറുടെ മുറി എന്നിവയടങ്ങുന്നതാണ് ഒന്നാം നില. രണ്ടാം നിലയില്‍ സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി എന്നിവര്‍ക്കുള്ള മുറികളും ഡൈനിങ് ആന്‍ഡ് റിക്രിയേഷന്‍ മുറികളുമാണ് ഉദ്ദേശിക്കുന്നത്.
റവന്യു, ഹെല്‍ത്ത്, ഓഡിറ്റ് വിഭാഗങ്ങള്‍ മൂന്നാം നിലയിലും എന്‍ജിനീയറിങ്, പ്ലാനിങ് സെല്‍ എന്നിവ നാലാം നിലയിലും പ്രവര്‍ത്തിക്കും. ടൗണ്‍ പ്ലാനിങ് റൂം, പ്രസ് കോണ്‍ഫറന്‍സ് റൂം, വീഡിയോ കോണ്‍ഫറന്‍സ് റൂം, അര്‍ബന്‍ സ്റ്റഡി സെന്റര്‍, ഹെറിറ്റേജ് സ്റ്റഡി റിപ്പോര്‍ട്ട് റൂം എന്നിവ അഞ്ചാം നിലയിലും കാന്റീന് ആറാം നിലയിലുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
നിര്‍മ്മാണത്തിന് 18.83 കോടി രൂപയുടെ ഭരണാനുമതിയും കോര്പ്പറേഷന് ലെവല്‍ ടെക്നിക്കല്‍ സാങ്ക്ഷന് കമ്മറ്റിയുടെ സാങ്കേതിക അംഗീകാരവും ലഭിച്ചു. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുമെന്ന് കരുതിയ മന്ദിരത്തിന്റെ നിര്‍മാണം തുടക്കത്തില്‍ തന്നെ നിയമപരവും സാങ്കേതികവുമായ കാരണങ്ങളാല്‍ തടസ്സപ്പെട്ടു. കരാറുകാരനുമായുള്ള കേസിലും നഗര സഭയ്ക്ക് തിരിച്ചടി നേരിട്ടു. ഒടുവില്‍ 2015 യുഡിഫ് അധികാരത്തില്‍ വന്നപ്പോള്‍ നിര്‍മ്മാണം വീണ്ടും തുടങ്ങിയെങ്കിലും അതും നിലച്ചു.
ഇപ്പോഴത്തെ കൗണ്‍സിലിന്റെ കാലത്തെ ഇടപെടലിലാണ് ഇപ്പോള്‍ കാണുന്ന നിലയില്‍ കെട്ടിടം എത്തിയത്. പ്രളയവും കോവിഡുമെല്ലാം തീര്‍ത്ത സാമ്ബത്തിക ബാധ്യത തിരിച്ചടിയായെന്നു മേയര്‍ സൗമിനി ജെയിന് പറയുന്നു. അടുത്തിടെ ആരംഭിച്ച സമീപത്തെ സ്വകര്യ സംരംഭങ്ങള്‍ പൂര്‍ത്തിയാകുമ്ബോഴും നഗരസഭാ കെട്ടിടം നോക്കുത്തിയാണ്.