സംസ്ഥാനത്തെ സ്കൂളുകള്‍ നാളെ മുതല്‍ ഭാഗികമായി തുറക്കുന്നു. കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ അതീവ ജാഗ്രതയോടെയാണ് സ്കൂളുകളില്‍ അധ്യയനം നടക്കുക.
3118 ഹൈസ്കൂളുകളിലും 2077 ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലുമായി 10, 12 ക്ലാസുകളില്‍ പഠിക്കുന്ന ഏഴ് ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ക്കായാണ് ക്ലാസുകള്‍. ഹജര്‍ നിര്‍ബന്ധമല്ല. സ്കൂളിലെത്തുന്ന കുട്ടികള്‍ക്ക് മാതാപിതാക്കളുടെ സമ്മതപത്രം നിര്‍ബന്ധമാണ്.
പ്രാക്ടിക്കലുകള്‍ക്കും സംശയ ദൂരീകരണത്തിനുമാണ് പ്രാധാന്യം. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ക്ലാസുകള്‍ നടക്കുക. എല്ലാ അധ്യാപകരും സ്കൂളില്‍ എത്തണം. ഒരേസമയം, അമ്ബത് ശതമാനം ഹാജര്‍ മാത്രമേ ക്ലാസുകളില്‍ അനുവദിക്കൂ. ഒരേ ദിവസം തന്നെ ഷിഫ്റ്റായോ ഒന്നിടവിട്ട ദിവസങ്ങളിലോ ക്ലാസുകള്‍ നടത്താം.
ഒരു ബഞ്ചില്‍ ഒരു കുട്ടിയെ മാത്രമേ ഇരുത്താവൂ. ഒഴിഞ്ഞുകിടക്കുന്ന ക്ലാസ് മുറികള്‍ കൂടി ഉപയോഗിച്ച് അധ്യയനം നടത്താം. ഒരാഴ്ചയ്ക്ക് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി ഇക്കാര്യത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാം.