കൊച്ചി: സംസ്ഥാനത്ത് ആന്റിജന്‍ പരിശോധന വ്യാപകമാക്കുന്നു. മുന്ഗണനപ്രകാരമുള്ള പരിശോധനയ്ക്കും ആര്.ടി.പി.സി.ആറിനും പകരം ആന്റിജന്‍ പരിശോധന നടത്തും. പരിശോധനാഫലങ്ങള്‍ വൈകുന്നതിനാലാണിത്.
24 മുതല്‍ 48 വരെ മണിക്കൂറാണ് ഫലമെത്താന്‍ കണക്കാക്കുന്ന സമയം. എന്നാല്‍, ഒരാഴ്ചയോളം ഫലം കാത്തിരിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇക്കാലത്ത് രോഗം സംശയിക്കുന്നവര്‍ ക്വാറന്റീന് നിയമങ്ങള്‍ പാലിക്കാത്തതും ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ആന്റിജന്‍ പരിശോധനയില്‍ ഉടന്‍ ഫലം ലഭിക്കും. എന്നാല്‍, ആന്റിജന്‍ പരിശോധന നെഗറ്റീവായി എന്നതിനാല്‍ വ്യക്തിക്ക് പൂര്‍ണമായും ക്വാറന്റീന് ഒഴിവാക്കാനാവില്ല.
രോഗികളെ കണ്ടെത്താന്‍ വേഗം സഹായിക്കുമെന്നതു മാത്രമാണ് ഇതിന്റെ മെച്ചം. ആന്റിജന്‍ പരിശോധന നെഗറ്റീവായവര്‍ ക്വാറന്റീന് കാലാവധി പൂര്‍ത്തിയാക്കുകയും തുടര്‍ന്ന് ആര്.ടി.പി.സി.ആര്. പരിശോധന നടത്തുകയും വേണമെന്നും അധികൃതര്‍ പറയുന്നു.
ആന്റിജന്‍ പരിശോധനയ്ക്ക് 625 രൂപയും ആര്.ടി.പി.സി.ആറിന് 2750 രൂപയും ചെലവാകും. ചെലവ് കുറയുന്നത് പരിശോധനയ്ക്ക് കൂടുതല്‍ ആളുകള്‍ മുന്നോട്ടുവരാന്‍ സഹായിക്കുമെന്നും അധികൃതര്‍ പറയുന്നു. പഞ്ചായത്ത് തലത്തില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ ആന്റിജന്‍ പരിശോധന നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.