ഡല്‍ഹി: പാര്‍ലമെന്റ് മന്ദിരത്തിനു സമീപത്ത് നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പരിശോധനയില്‍ ഇയാളുടെ പക്കല്‍നിന്ന് കോഡുകളടങ്ങിയ കടലാസ് കണ്ടെടുത്തായി പോലീസ് വ്യക്തമാക്കി.
ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. പാര്‍ലമെന്റിനു സമീപത്തെ പുല്‍ത്തകിടിയില്‍ ചുറ്റിത്തിരിയുകയായിരുന്നു ഇയാള്‍. ഇയാളുടെ തോളില്‍ ഒരു ബാഗുമുണ്ടായിരുന്നു. അതീവസുരക്ഷാമേഖലയില്‍ കറങ്ങിത്തിരിയുന്നതില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് സുരക്ഷാജീവനക്കാര്‍ എത്തി ഇയാളം ചോദ്യം ചെയ്തു.
പരിശോധനയില്‍ ഇയാളുടെ ഡ്രൈവിങ് ലൈസന്‍സും ആധാര്‍ കാര്‍ഡും കോഡുകളെഴുതിയ കടലാസ് കഷ്ണവും കണ്ടെത്തി. ജമ്മു കശ്മീര്‍ സ്വദേശിയാണെന്നാണ് ഇയാള്‍ പറഞ്ഞത്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലെത്തിച്ചു.
എപ്പോഴാണ് ഡല്‍ഹിയില്‍ എത്തിയതെന്ന ചോദ്യത്തിന് 2016-ല്‍ എന്നും, ലോക്ക്ഡൗണ്‍ ആരംഭിച്ചപ്പോഴെന്നുമായിരുന്നു മറുപടി. ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്കാന് ഇയാള്‍ക്ക് സാധിച്ചില്ല. തുടര്‍ന്ന് ചോദ്യം ചെയ്യല്‍ ബുധനാഴ്ച വൈകുന്നേരം വരെ നീണ്ടു. ഇന്റലിജന്‍സ് വിഭാഗവും സ്ഥലത്തെത്തിയിരുന്നു.