ന്യുഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അടുത്തമാസം ആരംഭിക്കാനിരിക്കേ സഭയില്‍ എത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ച് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല. എം.പിമാര്‍, ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, മന്ത്രിമാരുടെ സ്റ്റാഫ്, തുടങ്ങി സഭയില്‍ എത്തുന്ന എല്ലാവരും 72 മണിക്കൂര്‍ മുന്‍പ് കൊവിഡ് പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുമെന്ന് സ്പീക്കര്‍ ഇന്നലെ വ്യക്തമാക്കി.
പാര്‍ലമെന്റിലും റാന്‍ഡം പരിശോധന നടത്തും. സമ്മേളന കാലത്ത് സന്ദര്‍ശകരെ അനുവദിക്കില്ല. സെന്‍ട്രല്‍ ഹാളിലേക്കുള്ള എല്ലാ പാസുകളും റദ്ദാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിശ്ചയിച്ച മാനദണ്ഡപ്രകാരം സാമൂഹിക അകലം ഉറപ്പാക്കേണ്ടതിനാണിത്. സെപ്തംബര്‍ 14 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ അവധി ദിനങ്ങളില്ലാതെ സഭ ചേരുമെന്നാണ് സൂചന.
സമ്മേളനത്തിന് മുന്നോടിയായി ഇന്നലെ സ്പീക്കര്‍ വിളിച്ച യോഗത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം, ഐസിഎംആര്‍, എയിംസ്, ഡിഫന്‍സ് റിസേര്‍ച് ആന്റ് ഡവലപ്മെനറ് ഓര്ഗനൈസേഷന് (ഡിആര്‍ഡിഒ) എന്നിവയുടെ പ്രതിനിധികളും ലോക്സഭാ, രാജ്യസഭാ ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. ആരോഗ്യമന്ത്രാലയത്തിന്റെ മാനദണ്ഡം പാലിച്ചായിരിക്കും അംഗങ്ങള്‍ക്ക് ഇരിപ്പടം ഒരുക്കുക. അംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ ക്രമീകരണങ്ങളും ചെയ്യും.
അംഗങ്ങള്‍ പ്രോട്ടോക്കോള്‍ പാലിക്കുമെന്നും നിര്‍ദേശങ്ങള്‍ ലംഘിക്കില്ലെന്നുമാണ് പ്രതീക്ഷ. വര്‍ഷകാല സമ്മേളനത്തില്‍ 11 ഓര്‍ഡിനന്‍സുകളാണ് പാസാക്കുന്നതിന് ലിസ്റ്റ് ചെയ്തിരിക്കുന്നത്.