ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ് ഉത്സവമായ പൊങ്കലിന് സംസ്ഥാനത്തെ 2.6 കോടി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും 2500 രൂപയും ഭക്ഷ്യക്കിറ്റും സമ്മാനമായി നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി. 2021 ജനുവരി നാല് മുതല്‍ റേഷന്‍ കടകളിലൂടെ പണവും പൊങ്കല്‍ ഭക്ഷ്യ കിറ്റും വിതരണം ചെയ്യും.
ഒരു കിലോ വീതം അരിയും പഞ്ചസാരയും 20 ഗ്രാം കശുവണ്ടിയും ഉണക്കമുന്തിരിയും ഒരു കരിമ്ബും 8 ഗ്രാം ഏലക്ക എന്നിവയാണ് കിറ്റിലുണ്ടാകുകയെന്നും പളനിസ്വാമി പറഞ്ഞു. മുന്‍വര്‍ഷങ്ങളിലേതുപോലെ ഒരു കഷണം കരിമ്ബല്ല, മുഴുവന്‍ കരിമ്ബും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊങ്കല്‍ സമ്മാനം റേഷന്‍ ഷാപ്പുകളിലൂടെ വിതരണം ചെയ്യുന്നതിന് മുന്‍പ് ഗുണഭോക്താക്കള്‍ക്ക് വീടുകളില്‍ ടോക്കണുകള്‍ എത്തിക്കും. സാധനങ്ങളും സമ്മാനങ്ങളും ലഭിക്കുന്നതിനുള്ള തീയതിയും സമയവും ടോക്കണിലുണ്ടാകും. ഇതനുസരിച്ചാണ് സമ്മാനം കൈപ്പറ്റേണ്ടത്.
അടുത്ത വര്‍ഷമാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ്. ഇത് മുന്നില്‍ക്കണ്ടാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.