കൊച്ചിയില്‍ യുവനടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്ത പ്രതികളെ വൈദ്യ പരിശോധനക്ക് ശേഷം അല്‍പ്പസമയത്തിനകം കോടതിയില്‍ ഹാജരാകും. അതേസമയം പ്രതികള്‍ മാപ്പ് പറഞ്ഞത് കൊണ്ടും നടി ക്ഷമിച്ചത് കൊണ്ടും മാത്രം കേസ് അവസാനിക്കില്ലെന്ന് തൃക്കാക്കര എ.സി.പി പറഞ്ഞു.
ഇന്നലെ രാത്രി 8.30യോടെ കളമശ്ശേരി കുസാറ്റ് പരിസരത്ത് വെച്ച് കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് പുലര്‍ച്ചെ 12.30യോടെയാണ് രേഖപ്പെടുത്തിയത്. രാത്രി വൈകിയും സ്റ്റേഷനില്‍ സൂക്ഷിച്ച പ്രതികളെ 11 മണിയോടെ മെഡിക്കല്‍ പരിശോധക്കയച്ചു . അതേ സമയം അന്വേഷണം ശരിയായ ദിശയിലാണന്നും നടിയുടെ മൊഴി രേഖപ്പെടുത്തിയതായും തൃക്കാക്കര എ.സി.പി ജിജിമോന് പറഞ്ഞു. നടി മാപ്പു നല്കിയതുകൊണ്ടോ പ്രതികള്‍ ക്ഷമ ചോദിച്ചതുകൊണ്ടോ കേസ് അവസാനിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേസില്‍ അറസ്റ്റിലായ റംഷാദിനെ ഒന്നാം പ്രതിയാക്കിയും ആദിലിലെ രണ്ടാം പ്രതിയാക്കിയുമാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വൈദ്യ പരിശോധന ഫലം ലഭിക്കുന്ന മുറക്ക് പ്രതികളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്നും തുടര്‍ നടപടികള്‍ കോടതി തീരുമാനിക്കുമെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.