കൊല്ലം: ജില്ലയിലെ ഫിഷറീസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നിതിനുമായി രൂപം നല്കിയ ഫീഷറീസ് കോംപ്ലക്സിനു ആശ്രാമം കേന്ദ്രീകരിച്ച് റവന്യു വകുപ്പ് 25 സെന്റ് സ്ഥലം അനുവദിച്ചതായി ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ അറിയിച്ചു. ഫിഷറീസ് കോംപ്ലക്സിന്റെ പ്രഥമിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി 2.90 കോടി രൂപ അനുവദിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്നതിനുള്ള ബാക്കി തുക ഫിഷറീസ് വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി കണ്ടെത്തും.
ഫിഷറീസ് വകുപ്പിന്റെ നിയന്ത്രണത്തിലുളള ജില്ലയിലെ എല്ലാ ഓഫീസുകളും ഒറ്റ കെട്ടിടത്തില്‍ കൊണ്ടുവന്ന് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും തീരുമാനമെടുക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കുന്നതിനുമാണ് ഫിഷറീസ് കോംപ്ലക്സ് എന്ന ആശയത്തിന് രൂപം നല്‍കിയത്. ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍, സംസ്ഥാന സീഡ് സെന്റര്‍, മറ്റ് ബന്ധപ്പെട്ട ഫിഷറീസ് ഓഫീസുകള്‍ എന്നിവ ഫിഷറീസ് കോംപ്ലക്സില്‍ കൊണ്ടുവരുന്നതിനാണ് തീരുമാനമെടുത്തിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.