ബ്യൂണേഴ്സ് അയേഴ്സ്:പാതിവഴിയില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയ മത്സരമെന്നപോലെ,ആരാധകലോകത്തെ ഞെട്ടലിലാഴ്ത്തി ലോക ഫുട്ബാളിലെ പകരക്കാരനില്ലാത്ത അത്ഭുത പ്രതിഭാസം ഡീഗോ മറഡോണ ജീവിതത്തില്‍ നിന്ന് വിടവാങ്ങി. അര്‍ജന്റീന എന്ന ലാറ്റിനമേരിക്കന്‍ രാജ്യത്തുനിന്ന് കാല്‍പ്പന്തിന്റെ മായാജാലം കൊണ്ട് ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച,ദൈവവും ചെകുത്താനും മാറിമാറി ആവേശിച്ച, ഒരേ മത്സരത്തില്‍തന്നെ ദൈവത്തിന്റെ കൈകൊണ്ട് നേടിയ ഗോളിനും നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോളിനും ജന്മം നല്കിയ, നായകനായി ലോകകപ്പ് ഏറ്റുവാങ്ങി ചുംബിക്കുകയും ലോകകപ്പ് വേദിയില്‍ത്തന്നെ നിരോധിത മരുന്നടിച്ചതിന് തലതാഴ്ത്തി മടങ്ങുകയും ചെയ്ത , ഇനിയുമേറെക്കാലം ഈ ലോകത്തുവാഴണമെന്ന് ആരാധകര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന വിസ്മയമായിരുന്നു കഴിഞ്ഞ ഒക്ടോബര്‍ 30ന് 60-ാം പിറന്നാള്‍ ആഘോഷിച്ച മറഡോണ.
തലച്ചോറിലെ രക്തസ്രാവത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം ആശുപത്രി വിട്ട് ട്രിഗ്രെയിലെ മകളുടെ വസതിയിലായിരുന്നമറഡോണ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണത്തിന് കീഴടങ്ങിയത്.അസുഖത്തില്‍ നിന്ന് മുക്തനാകുന്നുവെന്ന് ആരാധകലോകം ആശ്വസിക്കുന്നതിനിടെയാണ് ജീവിത മൈതാനത്ത് നിന്നുള്ള മറഡോണയുടെ അപ്രതീക്ഷിത വിടവാങ്ങല്‍. അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷന് മറഡോണയുടെ മരണ വാര്‍ത്ത സ്ഥിരീകരിച്ചു. ഞങ്ങളുടെ ഇതിഹാസത്തിന്റെ മരണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും നിങ്ങള്‍ എപ്പോഴും ഞങ്ങളുടെ ഹൃദയത്തിലുണ്ടാകുമെന്നും അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷന് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ട്വീറ്ര് ചെയ്തു.
ബ്യൂണേഴ്സ് അയേഴ്സിലെ തെരുവില്‍ നിന്ന് ഇല്ലായ്മകളോട് പൊരുതി തുകല്പന്തുകൊണ്ട് ലോകം കീഴടക്കിയ കഥയാണ് മറഡോണയുടേത്. കളിക്കാരനായും മാനേജരായും ഫുട്ബാളില്‍ സമാനതകളില്ലാത്ത പേരാണ് മറഡോണ.
1986ല്‍ മെക്സിക്കോ ലോകകപ്പില്‍ ഒരു പറ്രം ശരാശരിക്കാരുമായെത്തി തന്റെ പ്രതിഭാവിലാസം കൊണ്ട് അര്‍ജന്റീനയെ ചാമ്ബ്യന്മാരാക്കിയതോടെയാണ് മറഡോണ അമാനുഷക പ്രഭാവത്തിലേക്കുയരുന്നത്. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെതിരെ ആസ്ടക്ക സ്റ്റേഡിയത്തില്‍ നേടിയ രണ്ട് ഗോളുകള്‍ ഫുട്ബാള്‍ പ്രേമികള്‍ക്ക് ഇന്നും ഒരു മരീചികയാണ്. ആദ്യ ഗോള്‍ ദൈവത്തിന്റെ കൈയെന്നും ഇംഗ്ലണ്ടിന്റെ ആറോളം താരങ്ങളെ ഡ്രിബിള്‍ ചെയ്ത് അറുപത് മീറ്രറോളം താണ്ടി നേടിയ രണ്ടാം ഗോള്‍ നൂറ്റാണ്ടിന്റെ ഗോളായും വാഴ്ത്തപ്പെട്ടു.
ആ ഗോളുകള്‍ പോലെ തന്നെ കളിക്കളത്തിനകത്തും പുറത്തും ഒരേസമയം പ്രിയപ്പെട്ടവനും വെറുക്കപ്പെട്ടവനുമായിരുന്നു മറഡോണ. അമിതമായ ലഹരി ഉപയോഗവും മുന്‍പിന്‍ നോക്കാതെയുള്ള പ്രസ്താവനകളും കളികാണാനെത്തി ഗാലറികളില്‍ കാട്ടിക്കൂട്ടിയ കസര്‍ത്തുകളും അദ്ദേഹത്തെ വിവാദനായകനുമാക്കി.
1960 ഒക്ടോബര്‍ 30ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണേഴ്സ് അയേഴ്സിന്റെ പ്രാന്തപ്രദേശമായ ലാനസില്‍ ഡീഗോ മറഡോണ സീനിയറിന്റെയും ഡാല്‍മ സാല്‍വഡോര്‍ ഫ്രാങ്കയുടേയും മകനായാണ് മറഡോണയുടെ ജനനം. ദാരിദ്ര്യം നിറഞ്ഞാടിയ ബാല്യകാലത്ത് ഫുട്ബാളായിരുന്നു കുഞ്ഞു മറഡോണയുടെ പ്രധാന കൂട്ടുകാരന്. 1977 ഫെബ്രുവരി 27ന് തന്റെ പതിനാറാം വയസില്‍ ഹംഗറിക്കെതിരെയാണ് മറഡോണയുടെ രാജ്യാന്തര അരങ്ങേറ്രം. 1978ല്‍ അര്‍ജന്റീനയെ യൂത്ത് ലോകകപ്പ് ചാമ്ബ്യനാക്കി ആ അഞ്ചടി അഞ്ചിഞ്ചുകാരന് വരവറിയിച്ചു. നാല് ലോകകപ്പുകളില്‍ കളിച്ചു. 1990ലോകകപ്പില്‍ അര്‍ജന്റീനയെ റണ്ണേഴ്സ് അപ്പാക്കി. 1994 ലോകകപ്പിനിടെ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട് പുറത്തായി. 2010ല്‍ അര്‍ജന്റീനയുടെ പരിശീലകനായും ലോകകപ്പിനെത്തി.