ഷില്ലോങ്: പദ്മശ്രീ പുരസ്കാര ജേതാവും ‘ദി ഷില്ലോങ് ടൈംസ്’ എഡിറ്ററുമായ പട്രീഷ്യ മുഖിംനെതിരെയുള്ള ക്രിമിനല്‍ കേസ് റദ്ദാക്കാനാകില്ലെന്ന് മേഘാലയ ഹൈകോടതി. ഫേസ്ബുക് പോസ്റ്റിന്റെ പേരിലാണ് മാധ്യമപ്രവര്‍ത്തകക്കെതിരെ കഴിഞ്ഞ ജൂലൈയില്‍ ക്രിമിനല്‍ കേസ് ചുമത്തിയത്. ഗോത്രവിഭാഗക്കാരല്ലാത്ത അഞ്ച് യുവാക്കള്‍ക്ക് നേരെ ഗോത്രവിഭാഗക്കാരെന്ന് ആരോപിക്കുന്നവര്‍ നടത്തിയ മുഖംമൂടി ആക്രമണവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെ വിമര്‍ശിച്ച് ഇവര്‍ ഫേസ്ബുക് പോസ്റ്റിട്ടിരുന്നു. തുടര്‍ന്നാണ് പട്രീഷ്യക്കെതിരെ ക്രിമിനല്‍ കേസ് ചുമത്തിയത്.
കേസ് ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ചൊവ്വാഴ്ചയാണ് കോടതി തള്ളിയത്. സംസ്ഥാനത്ത് ഗോത്രവര്‍ഗക്കാരും അല്ലാത്തവരും തമ്മില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദിങ്ദോയി ഹരജി തള്ളിയത്. ഗോത്രവര്‍ഗക്കാരുടെയും അല്ലാത്തവരുടെയും അവകാശങ്ങളും സുരക്ഷയും തമ്മില്‍ താരതമ്യപ്പെടുത്തി ഒരു സമുദായത്തിന് അനുകൂലമായി നിലപാടെടുത്തുവെന്നും കോടതി നിരീക്ഷിച്ചു.