പാട്ന: മുന്നണി വിജയിച്ചെങ്കിലും തിരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയ്ക്കുണ്ടായ കനത്ത വോട്ട് ചോര്‍ച്ചയെ തുടര്‍ന്ന് ക്ഷീണിതനായ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകുമോ എന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ജനതാദള്‍ യുണൈറ്റഡ് നേതാക്കള്‍ നിതീഷ് തന്നെ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പിച്ച് കഴിഞ്ഞു. ‘ദീപാവലിയ്ക്ക് ശേഷം നിതീഷ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.’ ജെഡിയു നേതാവ് കെ.സി.ത്യാഗി അറിയിച്ചു. ബിജെപി നേതാക്കളും ഇതുതന്നെയാണ് തീരുമാനമായി പറഞ്ഞതും.
എന്നാല്‍ കോണ്‍ഗ്രസ് നേതാവായ ദിഗ്വിജയ് സിംഗ് നിതീഷിനോട് ദേശീയ രാഷ്ട്രീയത്തിലേക്ക് വരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ട്വിറ്ററിലൂടെയായിരുന്നു ദിഗ്വിജയ് സിംഗിന്റെ ആവശ്യം. ‘നിതീഷ് ജീ, ബീഹാര്‍ അങ്ങേയ്ക്ക് തീരെ ചെറിയ സ്ഥലമാണ്. അങ്ങ് ദേശീയ രാഷ്ട്രീയത്തിലേക്ക് വരണം. ഭിന്നിപ്പിച്ച് ഭരിക്കുന്നവര്‍ക്കെതിരെ മതനിരപേക്ഷ കക്ഷികള്‍ക്ക് ബലമേകാന്‍ വരൂ.’
പക്ഷെ ബിജെപി നേതാക്കളായ ഗിരിരാജ് സിംഗ് ഈ ആവശ്യം തളളിക്കളയുന്നു. നിതീഷ് ഇപ്പോഴും എന്‍.ഡി.എ നേതാവാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാത്രമല്ല തേജസ്വി യാദവ് എന്ത് ലാഭമാണ് സംസ്ഥാനത്തിന് നേടിത്തന്നതെന്നും ഗിരിരാജ് സിംഗ് ചോദിച്ചു. നിതീഷിനെതിരെ തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തിയ തേജസ്വിയോട് വിശ്രമിക്കാനാണ് ജനങ്ങള്‍ പറഞ്ഞതെന്നും ഗിരിരാജ് അഭിപ്രായപ്പെട്ടു.