കോഴിക്കോട്: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘ബുര്‍വി’ ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം തൊട്ടു. കഴിഞ്ഞ ആറ് മണിക്കൂറായി മണിക്കൂറില്‍ 11 കി.മീ വേഗതയില്‍ പടിഞ്ഞാറ് ദിശയിലാണ് കാറ്റിന്റെ സഞ്ചാരപഥം. ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ കന്യാകുമാരിയില്‍ നിന്ന് ഏകദേശം 320 കി.മീ ദൂരത്തിലാണ് കാറ്റ്.
കാറ്റിന്റെ പശ്ചാത്തലത്തില്‍ തെക്കന്‍ കേരളം- തെക്കന്‍ തമിഴ്നാട് തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പായ റെഡ് അലേര്‍ട്ട് നല്കി. ഇന്ന് അര്‍ധരാത്രിയോടെ കാറ്റ് തമിഴ്നാട് തീരത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡിസംബര്‍ നാലിന് കേരളത്തില്‍ പ്രവേശിക്കുമ്ബോള്‍ കാറ്റിന് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദമായി മാറുമെന്നാണ് പ്രവചനം. അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചു. ഡിസംബര്‍ മൂന്നിനും നാലിനും കേരളത്തില്‍ പലയിടത്തും അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.