കൊച്ചി: ബെന്നി ബെഹനാന് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞു. കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞതായി ബെന്നി ബെഹനാന് തന്നെയാണ് അറിയിച്ചത്. കേന്ദ്ര നേതൃത്വത്തെ തീരുമാനം അറിയിച്ചു. രാജി തീരുമാനം സ്വയം എടുത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
ഒരു പാക്കേജിന്റെ അടിസ്ഥാനത്തിലാണ് കണ്‍വീനറായതെന്നും എന്നാല്‍ കണ്‍വീനര്‍ സ്ഥാനത്തെച്ചൊല്ലിയുള്ള വിവാദം വേദനിപ്പിച്ചുവെന്നും ബെന്നി ബെഹനാന് മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ഉമ്മന്‍ചാണ്ടിയുമായി ഭിന്നതയുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ചാലക്കുടി എംപിയാണ് ബെന്നി ബെഹനാന്.
വിവാദം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നില്ല. അതില്‍ തന്നെ വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനം ഒഴിയുന്നത്. സ്ഥാനമൊഴിയണമെന്ന് ഹൈക്കമാന്‍ഡോ സംസ്ഥാന നേതാക്കളോ ആവശ്യപ്പെട്ടിട്ടില്ലെന്നും ബെന്നി ബെഹനാന് മാധ്യമങ്ങളോട് പറഞ്ഞു.