തിരുവനന്തപുരം: പത്തനംതിട്ട ചിറ്റാര്‍ മത്തായി കസ്റ്റഡി മരണക്കേസ് സിബിഐ ഏറ്റെടുത്തു. തിരുവനന്തപുരം സിജെഎം കോടതിയില്‍ അന്വേഷണസംഘം എഫ്ഐആര്‍ സമര്‍പ്പിച്ചു. മത്തായിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്നും സിബിഐ ആവശ്യപ്പെട്ടു.
ഇതിനായി സര്‍ക്കാരിന് സിബിഐ കത്തു നല്കി. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാകും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുക. മൂന്ന് ഫോറന്‍സിക് ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തണമെന്നുമാണ് സിബിഐ അറിയിച്ചിരിക്കുന്നത്. ജൂലൈ 28നാണ് വനംവകുപ്പ് കസ്റ്റഡിയിലായിരുന്ന മത്തായിയെ എസ്റ്റേറ്റ് കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മത്തായിയുടേത് കസ്റ്റഡി മരണമാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ചൂണ്ടികാട്ടി ഭാര്യ ഷീബ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി കേസ് സിബിഐക്ക് നല്‍കിയത്.