മത്സരത്തിന് തയ്യാറായി കെ.പി.സി.സി. പ്രസിഡന്റ് : മുഖ്യമന്ത്രിയാകാനും മന്ത്രിയാകാനും പാളയത്തില്‍ പട

author

തിരുവനന്തപുരം അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് അധികാരം കിട്ടുമെന്ന സൂചന ശക്തമായതോടെ മുഖ്യമന്ത്രി, മന്ത്രി സ്ഥാനങ്ങള്‍ സ്വപ്നം കണ്ട് നേതാക്കളുടെ കരുനീക്കങ്ങള്‍ ശക്തമായി. എല്ലാ കാലങ്ങളിലും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകുന്ന പതിവാണ് കോണ്‍ഗ്രസ്സിലെങ്കിലും ഇത്തവണ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് തീര്‍ത്തുപറയുവാന്‍ ഭൂരിപക്ഷം കോണ്‍ഗ്രസ്സുകാര്‍ പോലും തയ്യാറല്ല. കഴിഞ്ഞ നാലുവര്‍ഷമായി നിശബ്ദനായിരുന്ന ഉമ്മന്‍ചാണ്ടി നിയമസഭാ ജൂബിലി ആഘോഷങ്ങളോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് താനുമുണ്ടെന്ന രഹസ്യ സൂചന നല്‍കിക്കഴിഞ്ഞു. മാധ്യമങ്ങള്‍ ഉള്‍പ്പെടെ വലിയ പ്രചാരണമാണ് ഉമ്മന്‍ചാണ്ടിയുടെ ആഘോഷങ്ങള്‍ക്ക് നല്‍കിയത്. കേരളത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവരുമെന്ന സൂചന ലഭിച്ചതോടെ എം.പി.മാരായി പാര്‍ലമെന്റിലേക്ക് പോയ പലര്‍ക്കും സംസ്ഥാനത്ത് മന്ത്രിയാകണമെന്ന മോഹമുദിച്ചു. എം.എല്‍.എ സ്ഥാനം രാജിവച്ച് പാര്‍ലമെന്റില്‍ പോയ പലരും തങ്ങളുടെ പഴയ നിയമസഭാ മണ്ഡലങ്ങളില്‍ ചുറ്റിക്കറങ്ങല്‍ ആരംഭിച്ചു. എം.പി മാരുടെ ഈ മോഹം തിരിച്ചറിഞ്ഞ കോണ്‍ഗ്രസ്സുകാര്‍ തന്നെ ഇത് വാര്‍ത്തയാക്കി. ഹൈക്കമാന്‍ഡില്‍ ഈ വിവരം എത്തിയതോടെ എം.പി.മാരുടെ മത്സരമോഹം അവസാനിച്ചു. ഒരു പാര്‍ലമെന്റ് അംഗങ്ങള്‍ക്കും നിയമസഭാ മത്സരത്തിന് അവസരമില്ലെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂടി ഇത്തവണ മത്സരത്തിന് ഇറങ്ങുന്നതോടുകൂടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികള്‍ മൂന്നുപേരാകും. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ഏതെങ്കിലും ഒരു സീറ്റിലാവും മുല്ലപ്പള്ളി മത്സരിക്കുക. ഇതിനിടെ പല നേതാക്കളുടെ ശുപാര്‍ശയില്‍ കെ.പി.സി.സി. ഭാരവാഹി പട്ടികയില്‍ ഇടം പിടിച്ച മിക്കവരും മത്സരിക്കുവാനുള്ള തയ്യാറെടുപ്പിലാണ്. കെ.പി.സി.സി.യുടെ ജംബോ പട്ടികയില്‍ ഒരു വീട്ടില്‍ നിന്ന് രണ്ട് കെപിസിസി സെക്രട്ടറിമാര്‍ വരെയുണ്ട്. പത്തനംതിട്ട ജില്ലയില്‍ നിന്നുളള സതീഷ് കൊച്ചുപറമ്പില്‍, ഷൈലാജ് എന്നീ സഹോദരന്‍മാരാണ് ഒരേ വീട്ടില്‍ നിന്ന് രണ്ട് ഗ്രൂപ്പിന്റെ പ്രതിനിധികളായി കെ.പി.സി.സി. സെക്രട്ടറിമാര്‍ ആയത്. 96 പേര്‍ അടങ്ങുന്ന പട്ടികക്ക് പുറമേ ഇനിയും സെക്രട്ടറിമാരും ജനറല്‍ സെക്രട്ടറിമാരും അടങ്ങുന്ന ലിസ്റ്റ് പുറത്ത് വരുവാനുണ്ട്. ഇത്തവണത്തെ തെരെഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് ഗണ്യമായ പരിഗണനയുണ്ടാകും എന്ന സൂചനയാണ് പുറത്തുവരുന്നത്. പത്മജ വേണുഗോപാല്‍, ബിന്ദുകൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍, ലതിക സുഭാഷ്, മുന്‍ മന്ത്രി ജയലക്ഷ്മി, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സോണ, ദീപ്തി മേരി വര്‍ഗീസ്, തുടങ്ങിയവര്‍ എല്ലാം തന്നെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ഥാനം പിടിക്കുമെന്ന് ഉറപ്പാണ്. അധികാരം കിട്ടും മുന്‍പേ കോണ്‍ഗ്രസ്സിനുള്ളില്‍ ഇേേപ്പാള്‍ നടക്കുന്ന കലഹം തിരിച്ചടിക്ക് കാരണം ആകും എന്നാണ് ഒരു വിഭാഗം നേതാക്കള്‍ കരുതുന്നത്. സ്വന്തം ഗ്രൂപ്പിനുള്ളില്‍ ഉള്ളവരെപോലും നിയന്ത്രിക്കുവാന്‍ കഴിയാതെ നേതാക്കന്മാര്‍ നില്‍ക്കുമ്പോള്‍ കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായതിനെക്കാള്‍ വലിയ ആഭ്യന്തര പ്രതിസന്ധിയാണ് കേരളത്തില്‍ കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് ഫൈസല്‍ മുഖ്യകണ്ണിയെന്ന് കസ്റ്റംസ്; അറസ്റ്റ് ഉടന്‍

തിരുവനന്തപുരത്ത് നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിന്‍റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും. കേസിലെ മുഖ്യകണ്ണിയാണെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത്. നയതന്ത്ര ബാഗേജിലൂടെ കടത്തിക്കൊണ്ട് വന്ന സ്വര്‍ണം വിറ്റത് കാരാട്ട് ഫൈസലാണെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍. കെ. ടി റമീസ് അടക്കമുള്ള പ്രതികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാരാട്ട് ഫൈസലിനെ ഇന്നലെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത്. നയതന്ത്ര ബാഗേജിലൂടെ കടത്തിക്കൊണ്ടു വന്ന […]

You May Like

Subscribe US Now