ഡല്‍ഹി: ബംഗലൂരുവിലെ ബിനീഷ് കോടിയേരിയുടെ കമ്ബനികളിലെ സാമ്ബത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനകാര്യസെക്രട്ടറിക്കും കോര്‍പ്പറേറ്റ്കാര്യ സെക്രട്ടറിക്കും പരാതി. സുപ്രീംകോടതി അഭിഭാഷകന് കോശി ജേക്കബ് ആണ് പരാതി നല്‍കിയിരിക്കുന്നത്. ബിനീഷ് കോടിയേരിയുടെ പങ്കാളിത്തത്തില്‍ ബംഗലൂരുവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ബി ക്യാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ബി ക്യാപിറ്റല്‍ ഫൊറെക്സ് ട്രേഡിങ് എന്നീ രണ്ടു കമ്ബനികള്‍ക്കെതിരെയാണ് പരാതി.
രണ്ടുവര്‍ഷം പ്രവര്‍ത്തിച്ച ശേഷം കോര്‍പ്പറേറ്റ് കാര്യമന്ത്രാലയത്തിന് കണക്കുകള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് ഈ കമ്ബനികളുടെ അംഗീകാരം റദ്ദായിരുന്നു. ഈ ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് സമാഹരിച്ച തുക വിനിയോഗിച്ചാണ് ബിനീഷ് ബംഗലൂരുവില്‍ രണ്ട് ഹോട്ടലുകള്‍ തുടങ്ങിയത് എന്ന ആരോപണവും നിലവിലുണ്ട്.
മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി ബിനീഷിനുള്ള ബന്ധം അന്വേഷിക്കണമെന്നും പരാതിയിലുണ്ട്. ലഹരിക്കടത്തു കേസില്‍ ആരോപണമുയര്‍ന്ന ബി ക്യാപ്പിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് എന്ന ബെംഗളൂരുവിലെ ധനകാര്യ സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരില്‍ ഒരാള്‍ ബിനീഷ് കോടിയേരിയാണെന്നുള്ള രേഖകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ധര്‍മടം സ്വദേശി അനസ് വലിയപറമ്ബത്താണ് കമ്ബനിയുടെ മറ്റൊരു ഡയറക്ടര്‍. എന്നാല്‍ ഇങ്ങനെ ഒരു കമ്ബനി ഇല്ലെന്നായിരുന്നു ബിനീഷ് നേരത്തെ പ്രതികരിച്ചിരുന്നത്.
ബി ക്യാപ്പിറ്റലിന്റെ മറവിലാണ് അനൂപ് മുഹമ്മദിന്റെ ഹോട്ടല്‍ സംരംഭത്തിന് പണം മുടക്കിയതെന്നാണ് ആരോപണം. ഈ ഹോട്ടലില്‍ വച്ചായിരുന്നു ലഹരിമരുന്ന് ഇടപാടുകള്‍ നടന്നതെന്നും കേസില്‍ പിടിയിലായവര്‍ മൊഴി നല്‍കിയിരുന്നു.