കൊലപാതകത്തേക്കാള്‍ വലിയ ക്രൂരതയാണ് കൂട്ടബലാത്സംഗമെന്നും ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ നല്കാന് ഇന്ത്യന്‍ ശിക്ഷാ നിയമം ഭേദഗതി ചെയ്യണമെന്നും കര്‍ണാടക ഹൈക്കോടതി. കര്‍ണാടകയില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഏഴ് പ്രതികള്‍ക്ക് വിചാരണ കോടതി നല്കിയ ജീവപര്യന്തം തടവ് ശരിവച്ച് വിധി പ്രസ്താവിക്കുകയായിരുന്നു കോടതി. വിചാരണക്കോടതി 2013 സെപ്റ്റംബറിലും 2017 ലും പുറപ്പെടുവിച്ച വിധിയാണ് ജസ്റ്റിസ് ബി വീരപ്പ, ജസ്റ്റിസ് കെ നടരാജന് എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവച്ചത്.
കൂട്ടബലാത്സംഗ കൊലപാതകത്തിനാണ് നിലവില്‍ വധശിക്ഷയുള്ളത്. മരണമില്ലാത്ത കൂട്ടബലാത്സംഗത്തിന് ഐ.പി.സി 376 ഡി വകുപ്പ് പ്രകാരം വധശിക്ഷയില്ല. ഒന്നോ അതില്കൂടുതല് ആളുകളോ ചേര്‍ന്ന് സ്ത്രീയെ ബലാത്സംഗം ചെയ്താല്‍ 20 വര്‍ഷത്തില്‍ കുറയാതെയും ജീവിതാവസാനം വരെയും കഠിനതടവ് മാത്രമാണുള്ളത്.
എന്നാല്‍ എല്ലാത്തരം കൂട്ടബലാത്സംഗത്തിനും വധശിക്ഷ ഉള്‍പ്പെടുത്തുന്നതിനായി ദേശീയതലത്തില്‍ നിലവിലുള്ള നിയമം ഭേദഗതി ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചു. 2012 ഒക്ടോബര്‍ 13 ന് നഗരത്തിലെ ജ്ഞാന ഭാരതി ക്യാമ്ബസിന് സമീപം 21 കാരിയായ നിയമ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശരിവയ്ക്കുന്നതിനിടെയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.