മുഖ്യമന്ത്രി പുത്രി വാത്സല്യത്താല്‍ അന്ധനായെന്ന് പി.ടി. തോമസ്; സഭയില്‍ ഭരണ-പ്രതിപക്ഷ വാഗ്വാദം

author

തിരുവനന്തപുരം: സ്വര്‍ണക്കടത്ത്​ കേസില്‍ അടിയന്തര പ്രമേയ അവതരണത്തിനിടെ നിയമസഭയില്‍ ഭരണ -പ്രതിപക്ഷ ബഹളം. മുഖ്യമന്ത്രി പുത്രി വാത്സല്യത്താല്‍ അന്ധനായെന്ന പി.ടി തോമസിന്‍റെ പരാമര്‍ശമാണ് ബഹളത്തിന് വഴിവെച്ചത്.

മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തലേന്ന്​ സ്വപ്​ന ക്ലിഫ് ഹൗസില്‍ വന്നിരുന്നോയെന്ന​ ചോദ്യവും പി.ടി തോമസ്​ ഉന്നയിച്ചു. പുത്രവാല്‍സല്യത്താല്‍ അന്ധനായ ധൃതരാഷ്​ട്രരെ പോലെയാണ്​ മുഖ്യമന്ത്രിയെന്നും പി.ടി തോമസ് പറഞ്ഞു.

ശിവങ്കര്‍ സ്വപ്​നസുന്ദരിക്കൊപ്പം കറങ്ങിയപ്പോള്‍ മുഖ്യമന്ത്രിക്ക് തടയാന്‍ സാധിച്ചില്ലെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ പി.ടി തോമസ്​ ആരോപിച്ചു. സ്വര്‍ണക്കടത്ത്​ കേസില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്നും പി.ടി തോമസ് പറഞ്ഞു.

ശിവശങ്കര്‍ പ്രതിയായ കേസുകളിലെല്ലാം ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്​. സ്വര്‍ണക്കടത്തുക്കാരെ മുഖ്യമന്ത്രി താലോലിക്കുന്നു. പരസ്യവും കിറ്റും നല്‍കി എന്നും ജനങ്ങളെ പറ്റിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സഭ്യേതര പ്രയോഗമാണ്​ പി.ടി തോമസ്​ നടത്തുന്നതെന്ന ആരോപണവുമായി ഭരണപക്ഷവും രംഗത്തെത്തി. പൂരപ്പാട്ടാണോ സഭയില്‍ നടക്കുന്നതെന്ന ചോദ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നയിച്ചു. എന്തും പറയാനുള്ള വേദിയാക്കി നിയമസഭയെ മാറ്റരുത്​. ലാവ​ലിന്‍ കേസില്‍ തന്നെ പ്രതിയാക്കാന്‍ കുറേ ശ്രമിച്ചതല്ലേ. എന്‍റെ കൈകള്‍ ശുദ്ധമായതുകൊണ്ടാണ്​ അത്​ പറയാനുള്ള ആര്‍ജ്ജവമുണ്ടാവുന്നതെന്നും പിണറായി പറഞ്ഞു.

പിണറായി വിജയനെ പി.ടി തോമസിന്​ ഇതുവരെ മനസിലായിട്ടില്ലെന്ന്​ മുഖ്യ​ന്ത്രി പറഞ്ഞു. പ്രമേയ അവതാരകനെ നിയന്ത്രിക്കാന്‍ പ്രതിപക്ഷ നേതാവിന്​ കഴിയുന്നില്ല. അദ്ദേഹം വേറെ ഗ്രൂപ്പായതിനാലാണ് ചെന്നിത്തലക്ക്​ നിയന്ത്രിക്കാന്‍ സാധിക്കാത്തതെന്നും മുഖ്യമന്ത്രിയുടെ ആരോപണം.

നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ സംഭവിച്ചപ്പോള്‍ ശിവശങ്കറിനെതിരെ നടപടി സ്വീകരിച്ചു. ലൈഫ്​ മിഷന്‍ സി.ഇ.ഒ യു.വി ജോസ്​ ഏത്​ കേസിലാണ്​ പ്രതി. സി.എം രവീന്ദ്രനെ ഇതുവരെ ഒരു കേസിലും പ്രതിയാക്കിയിട്ടില്ല. ശിവശങ്കര്‍ കെ.എസ്​.ഇ.ബി ചെയര്‍മാനും ഊര്‍ജ സെക്രട്ടറിയുമായത്​ ആരുടെ ഭരണകാലത്താണെന്ന്​ മുഖ്യമന്ത്രി ചോദിച്ചു. ശിവശങ്കറിന്​ ഐ.എ.എസ്​ ലഭിക്കുന്നത്​ ​ ആന്‍റണിയുടെ ഭരണകാലത്താണെന്നും പിണറായി ചൂണ്ടിക്കാട്ടി​.

പിണറായിയുടെ കടന്നാക്രമണത്തെ അതേ രീതിയില്‍ തന്നെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. നിയമസഭയില്‍ മുഖ്യമന്ത്രിയുടെ തള്ള് അല്‍പം കൂടിപ്പോയെന്നും ശിവശങ്കറിന് ഐ.എ.എസ് കൊടുത്തത് ഇ.കെ നായനാര്‍ മന്ത്രിസഭയുടെ കാലത്താണെന്നും ചെന്നിത്തല തിരിച്ചടിച്ചു.

പാര്‍ട്ടിക്കകത്ത് ഗ്രൂപ്പ് കളിച്ച്‌ വി.എസ് അച്യുതാനന്ദനെ ഒതുക്കിയ പിണറായി വിജയനാണ് കോണ്‍ഗ്രസിനെതിരെ ഗ്രൂപ്പ് കളിയെ കുറിച്ച്‌ ആക്ഷേപം ഉന്നയിക്കുന്നത്. ഗ്രൂപ്പുകളിയുടെ ആശാനാണ് പിണറായി എന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

ലാവലിന്‍ കേസ് എവിടെ തീര്‍ന്നുവെന്ന് ചെന്നിത്തല ചോദിച്ചു. ലാവലിനില്‍ പിണറായി ബി.ജെ.പിയുമായി അന്തര്‍ധാരയുണ്ടാക്കി. ധാരണയുടെ ഭാഗമായിട്ടാണ് കേസ് 20 വട്ടം മാറ്റിയത്. പിണറായി പ്രത്യേക ജനുസ് തന്നെയെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

'കുറച്ചൊക്കെ മയത്തില്‍ തള്ളണം'; മുഖ്യമന്ത്രിക്ക് നേരെ പരിഹാസവുമായി പ്രതിപക്ഷ നേതാവ്

തിരുവന്തപുരം | നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ വലിയ സംഭവമാണെന്ന് സ്വയം പറയാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. പിറകിലുള്ള ആരെ കൊണ്ടെങ്കിലും പറയിച്ചാല്‍ മതിയായിരുന്നുവെന്നും ചെന്നിത്തല പരിഹസിച്ചു. ഇത് വലിയ തള്ളായിപ്പോയെന്നും അടിയന്തര പ്രമേയ നോട്ടീസിനുള്ള മുഖ്യമന്ത്രിയുടെ മറുപടിയെ സൂചിപ്പിച്ചുകൊണ്ട് ചെന്നിത്തല പറഞ്ഞു. താനൊരു പ്രത്യേക ജനുസാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശമാണ് ചെന്നിത്തലയുടെ പരിഹാസത്തിന് കാരണമായത്.ഇത്രയും തള്ള് തള്ളേണ്ടിയിരുന്നില്ലെന്നും കുറച്ചൊക്കെ മയത്തില്‍ തള്ളണമെന്നും ചെന്നിത്തല പറഞ്ഞു.ലാവ്‌ലിന്‍ […]

You May Like

Subscribe US Now