തിരുവനന്തപുരം: വിഭാഗീയത സൃഷ്ടിക്കുകയാണ് മുഖ്യമന്ത്രിയുടെ നീക്കമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. എല്‍.ഡി.എഫിന്റെ ലക്ഷ്യം വിഭാഗീയത സൃഷ്ടിക്കലാണ്. എസ്.ഡി.പി.ഐയുമായി എല്‍.ഡി.എഫ് കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ യു.ഡി.എഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായുണ്ടാക്കിയത് പ്രാദേശിക നീക്കുപോക്കാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
“തദ്ദേശ തിരഞ്ഞെടുപ്പില്‍ ലീഗ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സി.പി.എമ്മും കോണ്‍ഗ്രസും കഴിഞ്ഞാല്‍ മികച്ച ഫലമുണ്ടാക്കിയത് ലീഗാണ്. ഇതിലുള്ള അസൂയകൊണ്ടാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഇടത് നേതാക്കള്‍ ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിച്ചത്”, കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.
“ലോട്ടറി അടിച്ചതിന് സമാനമായ വിജയമാണ് എല്‍.ഡി.എഫിനുണ്ടായത്. വരുന്ന തിരഞ്ഞെടുപ്പില്‍ അത് കൈമോശം വരുമോയെന്ന ഭയം എല്‍.ഡി.എഫിനുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ശക്തമായി തിരിച്ചുവരും. ലീഗ് ഉള്‍പ്പെടെയുള്ള യു.ഡി.എഫ് ഘടകക്ഷികളുടെ മുന്നേറ്റം എല്‍.ഡി.എഫ് ഭയപ്പെടുന്നു. അതിനാല്‍ യു.ഡി.എഫ് മുന്നേറ്റം തടയിടാന്‍ മുന്നണിയില്‍ വിഭാഗീയതയുണ്ടാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.