ന്യൂഡെല്‍ഹി: മുതിര്‍ന്ന കോണ്‍ഗസ് നേതാവും രാജ്യസഭാംഗവും എഐസിസി ട്രഷററുമായ അഹ് മദ് (71) അന്തരിച്ചു. ബുധനഴ്ച പുലര്‍ച്ചെ 3.30 മണിക്ക് ഡെല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായിരുന്നു. മകന് ഫൈസല്‍ പട്ടേലാണ് ട്വിറ്ററിലൂടെ മരണവിവരം അറിയിച്ചത്.
നിലവില്‍ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. മൂന്നുതവണ ലോക്സഭയിലേക്കും അഞ്ചുതവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട പട്ടേല്‍ എഐസിസി ട്രഷററാണ്. കോണ്‍സിന്റെ ട്രബിള്‍ ഷൂട്ടറും സോണിയ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്നു അഹ് മദ് പട്ടേല്‍. കോണ്‍ഗ്രസ് പാര്‍ട്ടി പരാജയങ്ങളില്‍ ഉലയുമ്ബോഴും സംഘടനയുടെ സാമ്ബത്തിക ഭദ്രത അഹ് മദ് പട്ടേല്‍ ഉറപ്പ് വരുത്തിയിരുന്നു.
ഒരു മന്ത്രിസഭയുടെയും ഭാഗമാകാതെ സംഘടനയ്ക്കായി സമര്‍പ്പിക്കപ്പെട്ട ജീവിതം. സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായി അണിയറയിലിരുന്ന് കാര്യങ്ങള്‍ നിയന്ത്രിച്ച പട്ടേല്‍ യുപിഎ സര്‍ക്കാര്‍ രൂപീകരണത്തില്‍ വഹിച്ച പങ്ക് നിര്‍ണായകമായിരുന്നു.
ഗുജറാത്തിലെ ബറൂച്ച് ജില്ലയില്‍ നിന്നും 1976-ലാണ് കൗണ്‍സിലറായി അഹ് മദ് പട്ടേല്‍ രാഷ്ട്രീയരംഗത്തേക്ക് വരുന്നത്. ഗാന്ധി – നെഹ്റു കുടുംബവുമായുള്ള ബന്ധത്തിന്റെ പുറത്ത് പിന്‍ക്കാലത്ത് അദ്ദേഹം കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായി ഉയര്‍ന്നു വരികയായിരുന്നു. 1987-ലാണ് അദ്ദേഹം ആദ്യമായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അതിനും മുന്‍പ് 1985-ല്‍ അദ്ദേഹം രാജീവ് ഗാന്ധിയുടെ പാര്‍ലമെന്റെ സെക്രട്ടറിയായി നിയമിതനായിരുന്നു.
2004ല്‍ യുപിഎ അധികാരത്തില്‍ എത്തിയപ്പോള്‍ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി സര്‍ക്കാരിന്റേയും മുന്നണിയുടേയും നടത്തിപ്പില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായിരുന്നുവെങ്കിലും കോണ്‍ഗ്രസ് ഭാഗമായ ഒരു സര്‍ക്കാരിലും അദ്ദേഹം കേന്ദ്രമന്ത്രിയായില്ല എന്നത് ഒരു കൗതുകമായി ബാക്കി നില്ക്കുന്നു.