ഇന്നലെ തന്റെ ഗോളടി റെക്കോര്‍ഡിനൊപ്പം എത്തിയ മെസ്സിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് ഫുട്ബോള്‍ ഇതിഹാസം പെലെ. ഒരു ക്ലബിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന റെക്കോര്‍ഡിന് ഒപ്പം ആയിരുന്നു മെസ്സി ഇന്നലെ എത്തിയത്. ബ്രസീലിയന്‍ ക്ലബായ സാന്റോസിനു വേണ്ടിയാണ് പെലെ 643 ഗോളുകള്‍ നേടിയത്. 757 മത്സരങ്ങളില്‍ നിന്നായിരുന്നു പെലെയുടെ 643 ഗോളുകള്‍. മെസ്സിക്ക് പെലെയുടെ അത്ര മത്സരങ്ങള്‍ വേണ്ടി വന്നില്ല. 748 മത്സരങ്ങളാണ് മെസ്സി ബാഴ്സലോണക്ക് വേണ്ടി ഇതുവരെ കളിച്ചത്.
മെസ്സി ഈ നേട്ടത്തില്‍ എത്തിയതില്‍ സന്തോഷമുണ്ട് എന്ന് പെലെ പറഞ്ഞു. ഗോളുകളെക്കാല് ഒരു ക്ലബില്‍ തന്നെ ഇത്രയും കാലം കളിച്ചതിന് താന്‍ മെസ്സിയെ അഭിനന്ദിക്കുന്നു എന്ന് പെലെ പറഞ്ഞു. ഇന്നത്തെ കാലത്ത് ഒരു ക്ലബിനെ മാത്രം സ്നേഹിക്കുന്ന പതിവ് ഫുട്ബോള്‍ ലോകത്ത് ഇല്ല എന്നും പെലെ പറഞ്ഞു. സ്വന്തം വീടായി നമ്മല് കരുതുന്ന ക്ലബിനേക്കാള്‍ വലുതായി ഒന്നുമില്ല എന്നും പെലെ പറഞ്ഞു