ന്യൂഡല്‍ഹി: മോറട്ടോറിയം കാലത്തെ വായ്പ തിരിച്ചടവിന്മേലുള്ള കൂട്ടുപലിശ ഒഴിവാക്കുന്ന കാര്യത്തില്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഇതിനായി നിയോഗിച്ച ഉന്നതതല വിദഗ്ധ സമിതി അന്തിമഘട്ട നിര്ണയത്തിലാണെന്നും കേന്ദ്രസര്‍ക്കാരിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയെ അറിയിച്ചു.
ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനു കേന്ദ്രത്തിനുള്ള അവസാന അവസരമാണ് നല്കുന്നതെന്നു വ്യക്തമാക്കിയ ജസ്റ്റീസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച്, കേസ് വീണ്ടും അടുത്ത തിങ്കളാഴ്ച പരിഗണിച്ച് തീര്‍പ്പുണ്ടാക്കുമെന്നും അറിയിച്ചു. സര്‍ക്കാരിന്റെ തീരുമാനമെന്തായാലും അത് വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടു. തിരിച്ചടവ് മുടങ്ങിയ അക്കൗണ്ടുകളെ നിഷ്ക്രിയ ആസ്തിയായി (എന്‍.പി.എ.) ഇപ്പോള്‍ പ്രഖ്യാപിക്കരുതെന്ന ഇടക്കാല ഉത്തരവ് തത്കാലം തുടരും.
മൊറട്ടോറിയം പ്രഖ്യാപിച്ച കാലത്തെ പലിശ ഒഴിവാക്കുന്നതു സംബന്ധിച്ച വിഷയം വിദഗ്ധസമിതി പരിശോധിക്കുകയാണെന്ന് കേന്ദ്രം ഈ മാസം പത്തിന് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. മുന്‍ സി.എ.ജി. രാജീവ് മെഹര്‍ഷി അധ്യക്ഷനായ മൂന്നംഗസമിതിയില്‍ അഹമ്മദാബാദ് ഐ.ഐ.എം. മുന്‍ പ്രൊഫസറും റിസര്‍വ് ബാങ്ക് ധനനയസമിതി മുന്‍ അംഗവുമായ ഡോ. രവീന്ദ്ര എച്ച്. ധോലാക്കിയ, എസ്.ബി.ഐ., ഐ.ഡി.ബി.ഐ. ബാങ്കുകളുടെ മുന്‍ മാനേജിങ് ഡയറക്ടര്‍ ബി. ശ്രീറാം എന്നിവരും അംഗങ്ങളാണ്.
ഓഗസ്റ്റ് 31 വരെയുള്ള ആറുമാസത്തേക്കാണ് വായ്പാ തിരിച്ചടവിന് റിസര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നത്. മൊറട്ടോറിയം കാലാവധി നീട്ടണമെന്നും ഇക്കാലയളവില്‍ കൂട്ടുപലിശ ഈടാക്കരുതെന്നുമാവശ്യപ്പെടുന്ന ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.