കൊച്ചി: യുഎഇ കോണ്‍സുലേറ്റ് വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്ത സംഭവത്തിലും കസ്റ്റംസ് അന്വേഷണം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുക. ഈന്തപ്പഴം കൊണ്ടു വന്നത് പ്രത്യേകം അന്വേഷിക്കാന്‍ തീരുമാനിച്ചതായി കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അറിയിച്ചു. ഈന്തപ്പഴം കൊണ്ടുവന്നതില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു.
യുഎഇ കോണ്‍സുലേറ്റ് വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്ത സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് കസ്റ്റംസ് വിശദീകരണം തേടും. തീരുവ ഇളവിന്റെ കാര്യത്തിലാണ് വിശദീകരണം തേടുക. 2016 ഒക്ടോബര്‍ മുതല്‍ പലപ്പോഴായി പതിനേഴായിരം കിലോ ഈന്തപ്പഴം യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ വന്നെന്നാണ് വേ ബില്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായത്. കൊണ്ടു വന്നത് ഈന്തപ്പഴം തന്നെയാണോ, പുറത്ത് വിതരണം ചെയ്തത് അനുമതിയോടെയാണോ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെയും ചുമതലപ്പെടുത്തും.