ലക്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ മന്ദിരത്തിന് മുന്നില്‍ യുവതി തീക്കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു. ചൊവ്വാഴ്ചയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ പോലിസുകാര്‍ ആശുപത്രിയിലെത്തിച്ചു.
യുപി നിയമസഭയായ വിധാന്‍ സഭയുടെ കവാടത്തില്‍ മഹാരാജ് ഗഞ്ച് സ്വദേശിയായ അഞ്ജലി തിവാരി(35)യാണ് സ്വയം തീക്കൊളുത്തിയത്. മഹാരാജ് ഗഞ്ചിലെ അഖിലേഷ് തിവാരിയെ വിവാഹം കഴിച്ച യുവതി പിന്നീട് ഇദ്ദേഹവുമായി വേര്‍പിരിഞ്ഞു വിവാഹമോചനം നേടി. പിന്നീട് ആഷിക് റാസ എന്ന യുവാവുമായി വിവാഹം കഴിച്ച് ഒന്നിച്ച് താമസിക്കുകയും ചെയ്തതായി പോലിസ് പറഞ്ഞു. യുവതി മതം മാറിയാണ് ആഷിക് റാസയെ വിവാഹം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. യുവാവിന്റെ വീട്ടുകാര്‍ തന്നെ നിരന്തരം ഉപദ്രവിക്കുന്നതായി യുവതി പ്രാദേശിക പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും നടപടിയൊന്നും എടുത്തിട്ടില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതേത്തുടര്‍ന്നുള്ള മനോവിഷമത്തിലാണ് യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണ് നിഗമനം.
പോലിസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, വലതുപക്ഷ-ഹിന്ദുത്വര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ലൗജിഹാദ് കുപ്രചാരണവുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിന്റെദൃശ്യങ്ങള് സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലെ സ്ത്രീകള്‍ നേരിടുന്ന അവസ്ഥയുടെ മറ്റൊരു ഉദാഹരണം കൂടിയാണിതെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി.