ലക്നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വിവാദ ലൗവ് ജിഹാദ് നിയമപ്രകാരം കേസെടുത്ത മുസ്ലിം യുവാവിനെ അറസ്റ്റ് ചെയ്യരുതെന്ന് അലഹബാദ് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതി നദീം (32) നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കേസില്‍ കോടതി അടുത്ത വാദം കേള്‍ക്കുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശിയും ഒരു പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയിലെ കരാര്‍ ജോലിക്കാരനുമായ അക്ഷയ് കുമാര്‍ ത്യാഗിയാണ് നദീമിനും സഹോദരന് സല്‍മാനും എതിരെ പരാതി നല്‍കിയത്.
തൊഴിലാളിയായ നദിം ഹരിദ്വാറിലെ തന്റെ വീട്ടില്‍ പതിവായി പോകുകയും ഭാര്യ പരുലിനെ മതപരിവര്‍ത്തനം നടത്തുകയെന്ന ലക്ഷ്യത്തോടെ പ്രണയത്തില്‍ കുടുക്കുകയും ചെയ്തു. വിവാഹ വാഗ്ദാനവും നല്‍കിയെന്നും അക്ഷയ് പരാതിയില്‍ പറയുന്നു.
അക്ഷയുടെ പരാതിയില്‍ കേസെടുത്ത പോലീസ് വിവാദ മതപരിവര്‍ത്തന നിയമത്തിലെ വകുപ്പുകളാണ് ചുമത്തിയത്. ഇതിനെതിരെ നദിം കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി വിവാദ ലവ്ജിഹാദ് നിയമത്തിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചത്.
യുവതിയുമായുള്ള ബന്ധത്തിന് നദീം നിര്‍ബന്ധം ചലുത്തിയതായി ഇതുവരെ തെളിവുകളില്ലെന്നും കോടതി പറഞ്ഞു. കേസില്‍ ഇരയായ യുവതി പ്രായപൂര്‍ത്തിയായ ആളും നന്മയും തിന്മയും മനസിലാക്കാന്‍ കഴിവുള്ളയാളുമാണ്. അവള്‍ക്കും ഹര്‍ജിക്കാരനും സ്വകാര്യതയ്ക്കുള്ള മൗലികാവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.