ന്യൂഡല്‍ഹി : രാജ്യത്തെ 130 കോടി ജനങ്ങളില്‍ 50 ശതമാനം പേര്‍ക്കും ഫെബ്രുവരിയോടെ കോവിഡ് ബാധിച്ചേക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് . ഇത് കോവിഡ് വ്യാപനം മന്ദഗതിയിലാകുന്നതിന് സഹായിക്കുമെന്നും വിദഗ്ധ സമിതി അംഗം പറഞ്ഞു.
ഇന്ത്യയില്‍ 7.55 ദശലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചിരിക്കുന്നത് . അതേസമയം സെപ്റ്റംബറില്‍ ഉയര്‍ന്ന കോവിഡ് കേസുകള്‍ കുറയുന്നുണ്ടെന്നും ദിവസവും ശരാശരി 61,390 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് ഇതുവരെ 30 ശതമാനത്തോളം ഇന്ത്യക്കാര്‍ കോവിഡ് ബാധിതരായിട്ടുണ്ട് . ഫെബ്രുവരിയോടെ ഇത് 50 ശതമാനത്തിലെത്തിയേക്കാമെന്നും കാണ്‍പുരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ടെക്നോളജിയിലെ പ്രൊഫസറായ മണീന്ദ്ര അഗര്‍വാള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.
വൈറോളജിസ്റ്റുകളും ശാസ്ത്രജ്ഞരും മറ്റു വിദഗ്ധരും അടങ്ങുന്ന കമ്മിറ്റിയുടെതാണ് റിപ്പോര്‍ട്ട് . ദുര്‍ഗപൂജ, ദീപാവലി തുടങ്ങിയ ആഘോഷങ്ങള്‍ വരാനിരിക്കുന്നതിനാല്‍ രോഗബാധ ഉയരാനുളള സാഹചര്യത്തെ കുറിച്ചും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.