ന്യൂഡല്‍ഹി: ലിബിയയില്‍ ഏഴ് ഇന്ത്യന്‍ പൗരന്മാരെ തട്ടിക്കൊണ്ടുപോയെന്ന് കേന്ദ്രസര്‍ക്കാര്‍. സപ്തംബര്‍ 14നാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്നും മോചനത്തിനുള്ള ശ്രമം തുടരുകയാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ആന്ധ്രാപ്രദേശ്, ബിഹാര്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ളവരെയാണ് തട്ടിക്കൊണ്ടുപോയത്. എണ്ണ ഉത്പാദന, വിതരണ മേഖലയില്‍ ജോലിചെയ്തിരുന്നവരാണിവര്‍. ഇന്ത്യയിലേക്ക് മടങ്ങാനായി ട്രിപ്പോളിയിലെ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ അശ്വരിഫ് എന്ന സ്ഥലത്തുവച്ചാണ് ഇവരെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്.
ഇന്ത്യയിലേക്ക് മടങ്ങാനായി ട്രിപ്പോളി വിമാനത്താവളത്തിലേക്ക് പോവുമ്ബോഴായിരുന്നു സംഭവം. ഇവരെ മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ലിബിയന്‍ സര്‍ക്കാരിന്റെയും മറ്റ് അന്താരാഷ്ട്രസംഘടനകളുടെയും സഹായം തേടിയിട്ടുണ്ടെന്ന് വിദേശകാര്യവക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു. തുനീസ്യയിലെ ഇന്ത്യന്‍ എംബസിയും ഇവരെ മോചിപ്പിക്കാനുള്ള ശ്രമത്തിലാണ്. തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ കുടുംബവുമായി സര്‍ക്കാര്‍ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും എത്രയും പെട്ടെന്ന് സുരക്ഷിതരായി മോചിപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയെന്നും അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
തൊഴിലാളികളെ തട്ടിക്കൊണ്ടുപോയവരെ തൊഴിലുടമ ബന്ധപ്പെട്ടു. അവര്‍ സുരക്ഷിതരാണെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ അയച്ചുനല്‍കിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോയവരുടെ കുടുംബങ്ങളുമായി വിദേശകാര്യമന്ത്രാലയം ബന്ധപ്പെട്ടിട്ടുണ്ട്. സുരക്ഷ പരിഗണിച്ച് ലിബിയയിലേക്ക് പോവുന്നവര്‍ക്ക് 2015ല്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് വിദേശകാര്യമന്ത്രാലയം പറയുന്നു. 2016ല്‍ ലിബിയയിലേക്കുള്ള യാത്ര പൂര്‍ണമായും നിരോധിച്ചു. ആ വിലക്ക് ഇപ്പോഴും പ്രാബല്യത്തിലുണ്ട്. ആദ്യമായല്ല ലിബിയയില്‍നിന്ന് ഇന്ത്യക്കാര്‍ തട്ടിക്കൊണ്ടുപോവുന്നത്.
2015ല്‍ നാല് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയപ്പോള്‍ അവരെ മോചിപ്പിക്കാനായി. മറ്റൊരു സംഭവത്തില്‍ 39 തൊഴിലാളികളെ മൊസൂളില്‍നിന്ന് തട്ടിക്കൊണ്ടുപോയി. ഇപ്പോഴുണ്ടായ സംഭവത്തിലും ഇന്ത്യക്കാരുടെ മോചനം എത്രയുംവേഗം സാധ്യമാക്കുന്നതിന് എല്ലാ വഴികളും തേടുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.