ഷാര്‍ജ/അടൂര്‍: മരണം പല രൂപത്തില്‍ മുന്നില്‍ വന്നു നിന്നപ്പോഴും എഴുന്നേല്ക്കാന് പോലും പറ്റാത്ത വിധത്തില്‍ രോഗങ്ങള്‍ ആക്രമിച്ചപ്പോഴും പത്തനംതിട്ട അടൂര്‍ കരുവാറ്റ ആന്‍സ് വില്ലയില്‍ ജെയ്സണ്‍ തോമസിെന്റയും ബിജിയുടെയും മകള്‍ സാന്ദ്ര ആന്‍ ജെയ്സണ്‍(18) ജീവിതത്തെ കുറിച്ചാണ് ചിന്തിച്ചതും സ്വപ്നങ്ങള്‍ മെനഞ്ഞതും. സൈക്കോളജിസ്റ്റാകണമെന്നും മാനസികമായി പ്രയാസപ്പെടുന്നവര്‍ക്ക് തണലാകണമെന്നുമായിരുന്നു തിങ്കളാഴ്ച തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ വന്ന് മരണം കൂട്ടികൊണ്ടു പോകും വരെ സാന്ദ്ര സ്വപ്നം കണ്ടിരുന്നത്.
2014ല്‍ അവധി ആഘോഷിക്കാനായി പത്തനംതിട്ട ജില്ലയിലെ അടൂരില്‍ വീട്ടിലേക്ക് പോയപ്പോഴാണ് സാന്ദ്രക്ക് ഏതോ പ്രാണിയുടെ കടിയേല്‍ക്കുന്നത്. ചിക്കന്‍ പോക്സിന് സമാനമായ രോഗമാണ് ആദ്യം ബാധിച്ചത്. രോഗം ഭേദമാകാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശാധനകളില്‍ ‘ഹെനോക് സ്കോളിന് പര്‍പുറ’ എന്ന അപൂര്‍വ രോഗമാണ് ബാധിച്ചിട്ടുള്ളതെന്ന് കണ്ടെത്തി. പ്രത്യേകയിനം കൊതുകാണ് ഒരു ലക്ഷം പേരില്‍ ഒരാള്‍ക്ക് മാത്രം സംഭവിക്കുന്ന ഈ രോഗത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.
തുടര്‍ചികിത്സയില്‍ രോഗം ഭേദമായപ്പോള്‍ യു.എ.ഇ.യിലേക്ക് മടങ്ങിയ സാന്ദ്ര സ്കൂളില്‍ പോവാന്‍ തുടങ്ങിയിരുന്നു. ദിവസങ്ങള്‍ക്കകം പാടുകള്‍ കൂടിവരികയും ശരീരം തടിച്ചുവീര്‍ക്കുകയും ചെയ്തു.കണ്ണുകളുടെ കാഴ്ചകൂടി നഷ്ടമായതോടെ വീണ്ടും ചികിത്സ തേടി. രോഗംകുറഞ്ഞ് സാന്ദ്ര വീണ്ടും സാധാരണജീവിതത്തിലേക്ക് മടങ്ങിയെത്തി. എന്നാല്‍ 2019-ല്‍ നടത്തിയ ബയോപ്സിയില്‍ വൃക്കകള്‍ 70 ശതമാനത്തില്‍ അധികം പ്രവര്‍ത്തനരഹിതമാണെന്ന് തിരിച്ചറിഞ്ഞു. ഷാര്‍ജ ഇന്ത്യന്‍ സ്കൂളില്‍ പഠിച്ചിരുന്ന സാന്ദ്ര ഗുരുതര വൃക്ക രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുമ്ബോഴും പഠനം കൈവിട്ടില്ല.
അധികൃതര്‍ അനുവദിച്ച വിദ്യാര്‍ഥിയുടെ സഹായത്തോടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതി 75 ശതമാനം മാര്‍ക്ക് വാങ്ങിയിരുന്നു. ഒ-പോസിറ്റീവിലുള്ള വൃക്ക മാറ്റിവച്ചാല്‍ കുട്ടിയെ രക്ഷിക്കാനാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.മാതാവിെന്റ വൃക്ക അനുയോജ്യമായിരുന്നെങ്കിലും കടുത്ത രക്തസമ്മര്‍ദമുള്ളതിനാല്‍ മാറ്റി വെക്കല്‍ അസാധ്യമായിരുന്നു.
വൃക്ക ദാനം ചെയ്യാന്‍ തയാറായി ഏതെങ്കിലും മനുഷ്യസ്നേഹി എത്തണേ എന്ന പ്രാര്‍ഥനയിലും പ്രതീക്ഷയിലും കുടുംബവും കൂട്ടുകാരും ഇരിക്കവെയാണ് രംഗബോധമില്ലാതെ മരണം കടന്നു വന്നത്.പിതാവ് ജെയ്സണ്‍ ജബല്‍ അലിയിലെ സ്വകാര്യസ്ഥാപനത്തിലും മാതാവ് ബിജി ഫുജൈറയില്‍ നഴ്സുമാണ്. സഹോദരി റിച്ച ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. സാന്ദ്രയുടെ സംസ്കാരം ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് ഒന്നിന് അടൂര്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍ നടക്കും.