ന്യൂഡല്‍ഹി: സന്നദ്ധസംഘടനകള്‍ക്ക് വിദേശ ധനസഹായം സ്വീകരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി. ഇതിനായി പ്രത്യേക നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ഒരു സംഘടന കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനം നടത്തിയിട്ടുള്ളതാകണം. വിദേശധനസഹായം സ്വീകരിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങുന്ന വ്യക്തിക്കോ, എന്‍.ജി.ഒയ്ക്കോ എഫ്.സി.ആര്.എ അക്കൗണ്ട് ഉണ്ടായിരിക്കണം.
എന്‍.ജി.ഒ. ഭാരവാഹിയുടെ ആധാര്‍ നമ്ബര്‍ നിര്‍ബന്ധമാക്കി നിയമത്തില്‍ ഭേദഗതി വരുത്തിയിട്ട് രണ്ടുമാസങ്ങള്‍ ആയിട്ടേ ഉള്ളൂ. ഇതിനിടയിലാണ് പുതിയ എഫ്.സി.ആര്.എ. നിയമങ്ങള്‍ ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്. ഇതുവരെ പ്രവര്‍ത്തനങ്ങള്‍ക്കായി 15 ലക്ഷം രൂപ ചെലവഴിച്ചിട്ടുളളതായിരിക്കണം എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍.
കൂടാതെ വിദേശധനസഹായം സ്വീകരിക്കുന്ന സംഘടനയുടെ മുഖ്യപ്രവര്‍ത്തകന്‍ സംഭാവന നല്കുന്ന സംഘടനയുടെ ഭാഗമാകാനും പാടില്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കോ സര്‍ക്കാര്‍ ജീവനക്കാര്‍ക്കോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗങ്ങള്‍ക്കോ വിദേശ സഹായം സ്വീകരിക്കാനാവില്ല.
കൂടാതെ, ധനസഹായം നല്‍കുന്നത് ഒരു വ്യക്തിയാണെങ്കില്‍ ആ വ്യക്തി, ധനസഹായം സ്വീകരിക്കുന്ന സംഘടനയുടെ മുഖ്യ പ്രവര്‍ത്തകനോ, ഓഫീസ് ഭാരവാഹിയോ ആകാനും പാടില്ല.