ലക്നൗ: അസാധാരണ സാഹചര്യത്തിലാണ് ഹത്രാസില്‍ കൊല ചെയ്യപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചതെന്ന ഉത്തര്‍പ്രദേശ് പോലീസിന്റെ വാദത്തിന് രൂക്ഷ വിമര്‍ശനവുമായി അലഹാബാദ് ഹൈക്കോടതി. ഒരു സമ്ബന്നന്റെ മകളായിരുന്നെങ്കില്‍ ഇങ്ങിനെ ചെയ്യാന്‍ കൂട്ടാക്കുമായിരുന്നോ എന്നും സ്വന്തം മക്കളായിരുന്നെങ്കില്‍ ഇങ്ങിനെയായിരിക്കുമോ ചെയ്യുക എന്നും ചോദിച്ചു.
ഹത്രാസ് കേസിലെ നിയമനടപടികള്‍ യുപിയ്ക്ക് പുറത്തേക്ക് മാറ്റണമെന്നും തങ്ങള്‍ക്ക് സുരക്ഷ നല്‍കണമെന്നും കോടതിയോട് കുടുംബം ആവശ്യപ്പെട്ടു. അന്ത്യകര്‍മ്മങ്ങള്‍ക്കുള്ള ഇരയുടെ മൗലീക അവകാശം പോലും ലംഘിക്കപ്പെട്ടെന്ന് കോടതി വിലയിരുത്തി. മൃതദേഹം രാത്രിയില്‍ തന്നെ സംസ്ക്കരിക്കാന്‍ തീരുമാനം എടുത്തത് ക്രമസമാധാനപാലന പ്രശ്നം മുന്‍നിര്‍ത്തിയാണ് ആയിരുന്നെന്നാണ് ജില്ലാ ഭരണകൂടം കോടതിയില്‍ വ്യക്തമാക്കിയത്. എന്നാല്‍ മൃതദേഹം ദഹിപ്പിക്കുന്ന സമയത്ത് വീടിന് ചുറ്റും ബന്ധുക്കളും ഗ്രാമവാസികളുമായി അമ്ബതോ അറുപതോ പേര് മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും അതേസമയം തന്നെ 300 ലധികം പോലീസുകാര്‍ ഉണ്ടായിരുന്നെന്നും അവിടെ ഉണ്ടായിരുന്ന ജനക്കൂട്ടത്തിന്റെ പല മടങ്ങ് കൂടുതല്‍ പോലീസുകാര്‍ ഉള്ളപ്പോള്‍ എങ്ങിനെ ക്രമസമാധാന പ്രശ്നം ഉണ്ടാകാനാണെന്നും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസിന്റെ കയ്യില്‍ ആയുധങ്ങള്‍ പോലും ഉണ്ടായിരുന്നെന്നും കുടുംബം വാദിച്ചു. കുടുംബാംഗങ്ങളുടെ ഓരോരുത്തരേയും മൊഴി കോടതി പ്രത്യേകം പ്രത്യേകമായിട്ടായിരുന്നു കേട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ പറയുന്നു.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രണ്ടു സഹോദരന്മാര്, സഹോദരന്റെ ഭാര്യ എന്നിവര്‍ കോടതിക്ക് മുന്നിലെത്തി. അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബഞ്ചിന് മുമ്ബാകെ കുടുംബാംഗങ്ങള്‍ യു പി സര്‍ക്കാരിനെതിരേ ആഞ്ഞടിക്കുകയായിരുന്നു. ഹത്രാസ് കേസില്‍ മുഴുവന്‍ നിയമനടപടികളും മഹാരാഷ്ട്രയിലേക്കോ ഡല്‍ഹിയിലേക്കോ മാറ്റണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ സിബിഐ നടത്തുന്ന നീക്കങ്ങള്‍ രഹസ്യമായിരിക്കണം. വിചാരണ പൂര്‍ത്തിയാകും വരെ തങ്ങള്‍ക്ക സുരക്ഷ നല്‍കണമെന്നും യുപി പോലീസില്‍ വിശ്വാസമില്ലെന്നും പറഞ്ഞു.
പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ സ്വമേധയാ കേസെടുത്ത അലഹബാദ്് ഹൈക്കോടതിയുടെ ലക്നൗ ബഞ്ച് നവംബര്‍ 2 ന് വീണ്ടും വാദം കേള്‍ക്കുന്നതിന് മുമ്ബായി മുഴുവന്‍ രേഖകളും സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ 5.30 ന് കനത്ത പോലീസ് കാവലിലാണ് കുടുംബം ലക്നൗവിലേക്ക് പുറപ്പെട്ടത്. ഒമ്ബത് മണിയോടെ ഇവര്‍ ലക്നൗവില്‍ എത്തി.