അബുദാബി: ഏറെ ആശങ്കകള്‍ക്ക് നടുവിലാണ് ഇത്തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ നടക്കുന്നത്. ലോകത്താകമാനം പടര്‍ന്ന് പിടിച്ച് കോവിഡ് 19 കായിക ലോകത്തിനും വെല്ലുവിളിയായതോടെ മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് നീണ്ടുപോവുകയും ഇന്ത്യയില്‍ രോഗവ്യാപനം വര്‍ധിക്കുകയും ചെയ്തതോടെ മറ്റ് വേദികള്‍ തിരയുകയുമായിരുന്നു. യുഎഇയാണ് ഇത്തവണ കുട്ടിക്രിക്കറ്റ് പൂരത്തിന് വേദിയാകുന്നത്. ഇതിനോടകം വിവിധ ടീമുകളിലെ ഭൂരിപക്ഷം താരങ്ങളും യുഎഇയില്‍ എത്തിക്കഴിഞ്ഞു.
കര്‍ശനമായ നിയന്ത്രണങ്ങള്‍ക്കിടയിലാണ് ഇത്തവണ ഐപിഎല്‍ നടക്കുന്നത്. യുഎഇയിലെത്തിയ താരങ്ങള്‍ ക്വാറന്റൈന് പൂര്‍ത്തിയാക്കുകയും രണ്ട് തവണ വീതം കോവിഡ് പരിശോധന നടത്തുകയും ചെയ്ത ശേഷമാണ് ഇപ്പോള്‍ പരിശീലനത്തിനിരങ്ങിയിരിക്കുന്നത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ആശങ്കകള്‍ ഇനിയും ബാക്കിയാണ്. അതില്‍ പ്രധാനം താരങ്ങള്‍ക്ക് എത്രത്തോളം സാമൂഹിക അകലം പാലിക്കമെന്നതാണ്. എന്നാല്‍ അതിനും പരിഹാരം കണ്ടെത്തിയിരിക്കുകയാണ് അധികൃതര്‍. ടൂര്‍ണമെന്റിന്റെ ഭാഗമാകുന്ന താരങ്ങളെല്ലാം ബ്ലൂടൂത്ത് ബാന്‍ഡ് ധരിക്കണം.
താരങ്ങള്‍ക്ക് മാത്രമല്ല അവരുടെ കുടുംബാംഗങ്ങള്‍ക്കും ബാന്‍ഡ് നിര്‍ബന്ധമാണ്. പ്രത്യേക ബ്ലൂടൂത്ത് ബാന്‍ഡ് കയ്യില്‍ ധരിക്കുന്നതിലൂടെ സാമൂഹിക അകലം ഉറപ്പാക്കാന്‍ സാധിക്കും. രണ്ട് മീറ്റര്‍ അകലം പാലിക്കാതെ വരുന്ന സാഹചര്യത്തില്‍ ബാന്‍ഡിലെ അലറാം ശബ്ദം പുറപ്പെടുവിക്കും. ദിവസത്തിന്റെ മുഴുവന്‍ സമയവും ധരിക്കേണ്ട ബാന്‍ഡുകള്‍ കിടക്കുന്നതിന് മുമ്ബ് മാത്രമേ അഴിക്കാന്‍ പാടുള്ളു.
അവിടെയും തീരുന്നില്ല. മത്സരങ്ങള്‍ക്കായി വേദികളിലേക്ക് പോകുമ്ബോള്‍ ബസിലും സാമൂഹിക അകലം ഉറപ്പാക്കണം. ഇതിനായ താരങ്ങളുടെ സീറ്റിങ്ങിനും പ്രത്യേക ശൈലിയുണ്ട്. സിഗ്സാഗ് ഫാഷനില്‍ വേണം ഇരിക്കന്‍. വിജയം ആഘോഷിക്കാനോ ഒന്നും ബാല്‍ക്കണികളില്‍ ഒത്തുചേരുന്നതിനും താരങ്ങളെ വിലക്കിയിട്ടുണ്ട്.
അതേസമയം ഐപിഎല്ലിന്റെ മത്സരക്രമം മാത്രം ഇതുവരെ റിലീസ് ചെയ്തട്ടില്ല. ഇതിന് കാരണമായി പറയുന്നത് യുഎഇയിലെ കാലാവസ്ഥയും ഉയരുന്ന കോവിഡ് നിരക്കുമാണെന്നാണ്. സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് ഐപിഎല്‍. 53 ദിവസമാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഉച്ചയ്ക്കുശേഷം 10 മത്സരങ്ങള്‍ നടക്കും. അവ 3.30-ന് ആരംഭിക്കും. വൈകുന്നേരമുള്ള മത്സരങ്ങള്‍ 7.30-നും ആരംഭിക്കും.