തിരുവനന്തപുരം: സിഎജിക്കെതിരായ സര്‍ക്കാര്‍ നീക്കം അഴിമതി മറയ്ക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിനെതിരായ അഴിമതിയില്‍നിന്നും ശ്രദ്ധതിരിക്കാനാണ് മന്ത്രി തോമസ് ഐസക് ഉണ്ടയില്ലാ വെടിവച്ചിരിക്കുന്നത്. കിഫ്ബിയില്‍ നടക്കുന്നതെല്ലാം അഴിമതിയാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
സിഎജിയുടേത് കരട് റിപ്പോര്‍ട്ടാണെന്നാണ് തോമസ് പറയുന്നത്. ഇതിന് മറുപടികൊടുക്കുകയാണ് വേണ്ടത്. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉയര്‍ന്നു വന്നരിക്കുന്ന അഴിമതിയുടെ വസ്തുതകള്‍ മറച്ചുവയ്ക്കാനാണ് തോമസിനെകൊണ്ട് വാര്‍ത്താസമ്മേളനം നടത്തിയത്. കിഫ്ബിയില്‍ നടക്കുന്നതെല്ലാം അഴിമതിയാണ്. കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടക്കുന്നത്. ഇത് വഴിയെ പുറത്തുവരും. കോടികളുടെ അഴിമതി സിഎജി കണ്ടെത്തുമെന്ന് പേടിച്ചാണ് ഇപ്പോള്‍ മുന്‍കൂട്ടിയുള്ള പത്രസമ്മേളനം. സിഎജി റിപ്പോര്‍ട്ട് നിയമസഭയുടെ മേശപുറത്തവയ്ക്കുന്നതിന് മുന്‍പ് പുറത്തുവിട്ടത് നിയമവിരുദ്ധമാണ്.
മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും നടത്തിയ അഴിമതി ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ഇതുമൂലം ഇടതുമുന്നണിക്കുണ്ടായ തിരിച്ചടി മറയ്ക്കാനാണ് പത്രസമ്മേളനം നടത്തിയത്.
കോടിയേരിയുടെ അവധികൊണ്ട് തീരുമോ മുഖ്യമന്ത്രിയുടെ ഓഫീസില്നടക്കുന്ന അഴിമതി, സ്വര്‍ണക്കടത്ത് പ്രശ്നങ്ങള്‍ എല്ലാം. മുഖ്യമന്ത്രി രാജിവച്ച് ജനവിധിതേടണം. അഴിമതി മറയ്ക്കാനാണ് ഇപ്പോള്‍ ഇത് കുത്തിപ്പോക്കി കൊണ്ടുവന്നത്.
സിഎജി ഭരണഘടന സ്ഥാപനമാണ്. ഇത് അഴിമതിയും ക്രമക്കേടും കണ്ടെത്താന്‍ കൂടിയുള്ളതാണ്. ഇത് തള്ളിക്കളയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെല്ലാം സര്‍ക്കാര്‍ മറുപടി പറയേണ്ടിവരും.
മയക്കുമരുന്നു കച്ചവടം കോടിയേരിയുടെ വീട്ടിലാണ് നടന്നത്. മകന് തെറ്റ് ചെയ്താല്‍ അച്ഛന് ഉത്തരവാദിത്വം ഇല്ലെന്ന് ആദ്യം പറഞ്ഞു. എന്നിട്ട് ഇപ്പോള്‍ അദ്ദേഹം അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. നേരത്തെ ചികിത്സയ്ക്കു പോയപ്പോള്‍ പോലും കോടിയേരി അവധി എടുത്തിരുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.