അന്തരിച്ച നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ ശരീരത്തില്‍ വിഷാംശത്തിന്റെ സാന്നിധ്യമില്ലെന്ന് റിപ്പോര്‍ട്ട്. താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട ഫൊറന്‍സിക് പരിശോധനാഫലം സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കിയ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) വിദഗ്ധരാണ് സിബിഐക്ക് റിപ്പോര്‍ട്ട് കൈമാറിയത്. സുശാന്തിന്റെ ആന്തരാവയവങ്ങളില്‍ വിഷാംശം ഉണ്ടായിരുന്നില്ലെന്ന മുംബൈ പൊലീസിന്റെ നിഗമനം ശരിവെക്കുന്നതാണ് റിപ്പോര്‍ട്ട് എന്നാണ് സൂചന.
മുംബൈയില്‍ സുശാന്തിന്റെ വീട്ടിലെത്തി തെളിവെടുത്തും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വിലയിരുത്തിയും ആന്തരാവയവങ്ങള്‍ രാസ പരിശോധനയ്ക്കു വിധേയമാക്കിയുമാണ് എയിംസിലെ ഫോറന്‍സിക് മെഡിസിന് വിഭാഗം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മുംബൈ പോലീസിനുവേണ്ടി നടത്തിയ ഫോറന്‍സിക് പരിശോധനാ ഫലത്തില്‍ അപാകങ്ങളുണ്ടോ എന്നു പരിശോധിക്കാനാണ് സിബിഐ എയിംസിലെ വിദഗ്ധരുടെ സഹായം തേടിയത്.
എന്നാല്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് എയിംസോ സിബിഐയോ വെളിപ്പെടുത്തിയിട്ടില്ല. സിബിഐയുടെ കണ്ടെത്തലുമായി ഒത്തുപോകുന്നതാണ് റിപ്പോര്‍ട്ട് എന്നുമാത്രമാണ് എയിംസിലെ അധികൃതര്‍ പറയുന്നത്. സുശാന്തിനെ വിഷംകൊടുത്തു കൊന്നതല്ല എന്നാണ് ഫൊറന്‍സിക് പരിശോധനാഫലം വ്യക്തമാക്കുന്നത്.
സുശാന്തിന് വിഷബാധയേറ്റിട്ടില്ലെന്ന് മുംബൈ പോലീസിനു നല്കിയ റിപ്പോര്‍ട്ടില്‍ തങ്ങള്‍ വ്യക്തമാക്കിയിരുന്നെന്ന് കലീനയിലെ ഫോറന്‍സിക് ലബോറട്ടറി ചൊവ്വാഴ്ച അറിയിച്ചു. ജൂണ്‍ മാസത്തിലാണ് കലീന ലാബ് മുംബൈ പോലീസിന് പരിശോധനാഫലം കൈമാറിയത്.
അതേസമയം, സുശാന്തിന്റെ പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ ചില അപാകങ്ങളുള്ളതായി എയിംസിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം പരിശോധന നടന്ന സ്ഥലത്ത് വേണ്ടത്ര വെളിച്ചമില്ലായിരുന്നു എന്നതാണ് പ്രധാന പരാതി. സുശാന്തിന്റെ മരണത്തെക്കുറിച്ച സമഗ്രമായി അന്വേഷിക്കുന്നുണ്ടെന്നും ഒരു സാധ്യതയും തള്ളിക്കളഞ്ഞിട്ടില്ലെന്നും സിബിഐ കഴിഞ്ഞദിവസം പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു.
അതിനിടെ സുശാന്തിനെ കഴുത്തു ഞെരിച്ച് കൊന്നതാണെന്ന ആരോപണവുമായി താരത്തിന്റെ കുടുംബത്തിന്റെ അഭിഭാഷകന് രംഗത്തെത്തിയിരുന്നു. എയിംസിലെ വിദഗ്ധന്റെ കണ്ടെത്തലെന്ന് പറഞ്ഞുകൊണ്ടായിരുന്നു വെളിപ്പെടുത്തല്‍.