തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പിനോട് സിസി ടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് പൊലീസ്. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടത്. ചൊവ്വാഴ്ചയാണ് തീപിടിത്തമുണ്ടായത്. അതിനു രണ്ടു ദിവസം മുമ്ബുള്ള ദൃശ്യങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ദുരൂഹ സാഹചര്യത്തില്‍ ആരെങ്കിലും ഓഫീസില്‍ വന്നിരുന്നോ എന്നറിയുന്നതിനു വേണ്ടിയാണിത്. ഓഫീസ് നിരീക്ഷിക്കുന്നതിനു വേണ്ടിയാണ് താത്കാലികമായി എട്ട് ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്തു. ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ പൊതുഭരണ വകുപ്പിന്റെ സെക്രട്ടേറിയറ്റിലെ ഓഫീസ് അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാല്‍ തീപിടിത്തമുണ്ടായതില്‍ എന്തെങ്കിലും അട്ടിമറി നടന്നിട്ടുണ്ടോ എന്നറിയുന്നതിന് ദൃശ്യങ്ങള്‍ അനിവാര്യമാണെന്ന് പൊലീസ് പറഞ്ഞു. അതിനിടെ ശേഖരിച്ച തെളിവുകള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി കൈമാറി. ഇതിന്റെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് അന്തിമ റിപ്പോര്‍ട്ട് നല്‍കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ഡിജിറ്റൈസേഷന് ചെയ്ത ഫയലുകള്‍ ഏതൊക്കെയാണെന്നും അല്ലാത്തവ ഏതൊക്കെയാണെന്നും പൊലീസ് പ്രത്യേകം ക്യാമറയില്‍ പകര്‍ത്തുന്നുണ്ട്.
അതേസമയം ചീഫ് സെക്രട്ടറി നിയോഗിച്ച ഡോ. കൗശികന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥതല അന്വേഷണ സംഘത്തിന്റെ ശുപാര്‍ശ പ്രകാരം പൊതുഭരണ വകുപ്പിന്റെ ഓഫീസില്‍ താത്കാലികമായി എട്ട് സിസി ടിവി ക്യാമറകള്‍ സ്ഥാപിച്ചു. അന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെ പൊതുഭരണ വകുപ്പിന്റെ ഓഫീസില്‍ നിന്നും ഒരു ഫയലുകളും മാറ്റരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കൗശികന് നിര്‍ദ്ദേശിച്ചിരുന്നു. തീപിടിത്തത്തില്‍ മറ്റു ഫയലുകളൊന്നും നശിച്ചിട്ടില്ലെന്നും ഗസ്റ്റ് ഹൗസുകളിലെ മുറികള്‍ ബുക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഫയലുകളാണ് കത്തിയെന്നും അട്ടിമറിയൊന്നുമില്ലെന്നുള്ള റിപ്പോര്‍ട്ടാണ് കൗശികന് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയത്. പ്രാഥമിക റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. വിശദമായ പരിശോധന നടന്നുവരുന്നതായും അദ്ദേഹം അറിയിച്ചിരുന്നു. മാത്രമല്ല ഫയലുകള്‍ കത്തിയ സാഹചര്യത്തില്‍ അവിടെനിന്നും ഒരു സാധനങ്ങളും തത്കാലത്തേക്ക് മാറ്റേണ്ടതില്ലെന്നും കൗശികന് നിര്‍ദ്ദേശിച്ചിരുന്നു.
തീപിടുത്തം ആദ്യം കണ്ട ജലവിഭവ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന്റെയും, സ്ഥലത്തേക്ക് ഓടിയെത്തിയവരുടേയും മൊഴികള്‍ പൊലീസ് രേഖപ്പെടുത്തിയിരുന്നു. സ്ഥലത്തെ സിസിടിവി അടക്കമുളള കാര്യങ്ങളും ഇന്ന് പൊലീസ് പരിശോധിക്കും. ഫോറന്‍സിക് ഫലം വന്നാലുടന്‍ അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിന്റെ ഓഫീസില്‍ തീപിടിത്തമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് അന്വേഷണമാണ് നടക്കുന്നത്. അതില്‍ പൊതുമരാമത്ത് വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ഇന്നലെ സര്‍ക്കാരിന് നല്‍കിയിരുന്നു. തീപിടിത്തത്തില്‍ അട്ടിമറികളൊന്നും ഇല്ലെന്നും ഷോര്‍ട്ട് സര്ക്യൂട്ടാണെന്നുമായിരുന്നു അവരുടെ റിപ്പോര്‍ട്ട്.