കൊല്‍ക്കത്ത: സ്ത്രീകളെ ദുര്‍ഗാദേവിയെ പോലെ കണ്ട് ബഹുമാനിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുര്‍ഗാദേവിക്ക് ജനങ്ങള്‍ നല്കുന്ന ബഹുമാനം രാജ്യത്തെ സ്ത്രീകള്‍ക്ക് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ദുര്‍ഗാ പൂജയുടെ വേളയില്‍ പശ്ചിമ ബംഗാളിലെ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി . ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ (സ്വാശ്രയ ഇന്ത്യ) കേന്ദ്രത്തിന്റെ കാഴ്ചപ്പാട് ബംഗാളില്‍ നിന്ന് ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആഘോഷ വേളയില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കണമെന്നും മാസക് ധരിക്കണമെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. മോദി ബംഗാളിയില്‍ തന്റെ പൂജാ ആശംസകള്‍ പങ്കുവെച്ചു. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും പ്രധാനമന്ത്രി മോദി സംസാരിച്ചു.
‘ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍, ആത്മനിര്‍ഭര്‍ ഭാരത്,’ സ്വാശ്രയ ഇന്ത്യ ‘എന്ന കാഴ്ചപ്പാട് ബംഗാളില്‍ നിന്ന് ശക്തിപ്പെടും. നമുക്ക് ബംഗാളിന്റെ സംസ്കാരം, അഭിമാനം, പുരോഗതി എന്നിവ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകണം. വിവിധ പദ്ധതികളിലൂടെ ബംഗാളിലെ ജനങ്ങള്‍ക്ക് വേഗത്തില്‍ വികസനം ഉറപ്പാക്കും. ബംഗാളിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനും അവരുടെ ജീവിതരീതി മെച്ചപ്പെടുത്തുന്നതിനുമായുള്ള കാര്യങ്ങള്‍ ഞങ്ങള്‍ ചെയ്യുന്നു.
കിഴക്കന്‍ ഇന്ത്യയെ വികസിപ്പിക്കുന്നതിന് പുര്ബദായുടെ കാഴ്ചപ്പാട് ഞങ്ങള്‍ സ്വീകരിച്ചു. ഞങ്ങളുടെ കാഴ്ചപ്പാട് വിജയിപ്പിക്കാന്‍ പശ്ചിമ ബംഗാളിന് ഒരു പ്രധാന പങ്ക് വഹിക്കേണ്ടതുണ്ട്, തന്റെ 20 മിനിറ്റിലധികം നീളുന്ന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
ദുര്‍ഗാദേവിയെ ശക്തിയുടെ പ്രതീകമായി ആരാധിച്ചിരുന്നുവെന്ന് പറഞ്ഞ മോദി, സ്ത്രീ ശാക്തീകരണത്തിനായി തന്റെ സര്‍ക്കാര്‍ നിരന്തരം പ്രവര്‍ത്തിക്കുന്നുണ്ടെന്നും പറഞ്ഞു. ജന്‍ ധന് അക്കൗണ്ടുകള്‍ തുറക്കുന്നതുമുതല്‍ 22 കോടി സ്ത്രീകള്‍ക്ക് മുദ്ര യോജനയില്‍ സോഫ്റ്റ് ലോണ്‍ നല്‍കുന്നത്, ബേട്ടി ബച്ചാവോ-ബേട്ടി പാഠാവോ സംരംഭം, സായുധ സേനയിലെ സ്ത്രീകള്‍ക്ക് സ്ഥിരമായ കമ്മീഷന് അനുവദിക്കുക, പ്രസവാവധി 12 മുതല്‍ 26 ആഴ്ച വരെ നീട്ടുക തുടങ്ങി അവരുടെ ശാക്തീകരണത്തിനായി നിരവധി നടപടികള്‍ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.