തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ക്കെതിരായി കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലല്ല വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് താന്‍ ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവെന്ന നിലയിലുളള ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് അഴിമതികള്‍ വെളിച്ചത്തു കൊണ്ടു വന്നതെന്നും ഉന്നയിച്ച കാര്യങ്ങളില്‍ ഉറച്ചു നില്ക്കുന്നു എന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
താന്‍ ആരോപണങ്ങള്‍ ഉന്നയിച്ചത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി എന്ന പരിപാടി ജനാധിപത്യത്തിന്റെ കൊള്ളയാണ്. പ്രളയത്തില്‍ ജനം കഷ്ടപ്പെടുമ്ബോള്‍ പണം ധൂര്‍ത്തടിക്കുകയായിരുന്നു. അതിന് അനുവദിക്കില്ലെന്നും സ്പീക്കറുടെ വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയവേ ചെന്നിത്തല പറഞ്ഞു.
‘നിയമസഭയെ മലീമസമാക്കുന്ന ധൂര്‍ത്തും അഴിമതിയും ഉണ്ടാവരുത്. ജനാധിപത്യത്തിന്റെ സാദ്ധ്യതകള്‍ ഉപയോഗിച്ച് കൊള്ളയാണ് ഇവിടെ നടക്കുന്നത്. ട്രിവാന്‍ഡ്രം ഡിക്ലറേഷന്‍ ഉണ്ടാക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായി സ്പീക്കര്‍ ഉയര്‍ത്തിക്കാട്ടുന്നു. അത് അയച്ചുകൊടുത്തപ്പോള്‍ 9 നിയമസഭകളില്‍ നിന്ന് സ്പീക്കള്ക്ക് ക്ഷണവും കിട്ടിയത്രേ. പക്ഷേ, അതിന് ചെലവാക്കേണ്ടിവന്നത് രണ്ടേകാല്‍ കോടി രൂപയാണ്.ഫെസ്റ്റിവല്‍ ഒഫ് ഡെമോക്രസി നടത്തിയത് . ലോക കേരള സഭയിലെ അംഗങ്ങള്‍ക്ക് ഇരിക്കാന്‍ അവരുടെ അന്തസിന് ചേര്‍ന്ന കസേര വേണമെന്നാണ് സ്പീക്കര്‍ പറയുന്നത്.
പാവപ്പെട്ടവരുടെയും തൊഴിലാളികളുടെയും പാര്‍ട്ടിയുടെ നേതാവ് തന്നെയാണോ ഇത് പറയുന്നത്. 2019ലെ പ്രളയ സമയത്താണ്. കൊച്ചുകുട്ടികള്‍ പോലും കുടുക്കപൊട്ടിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമ്ബോഴാണ് ഫെസ്റ്റിവല്‍ ഒഫ് ഡെമോക്രസിയുടെ പേരില്‍ കോടികള്‍ ചെലവഴിച്ചത്. ആറ് പദ്ധതികള്‍ പ്ളാന്‍ ചെയ്തെങ്കിലും അതില്‍ രണ്ടെണ്ണമേ നടത്താന്‍ കഴിഞ്ഞുളളൂ. രണ്ടെണ്ണം നടത്തിയപ്പോള്‍ത്തന്നെ രണ്ടേകാല്‍ കോടിയാണ് ചെലവായത്. ആറെണ്ണവും നടന്നിരുന്നെങ്കില്‍ കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു’-ചെന്നിത്തല പരിഹസിച്ചു.