സ്വന്തം തട്ടകത്തില്‍ കരുത്ത് തെളിയിച്ചു; നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യമിട്ട് ജോസ് കെ. മാണി

author

മുന്നണി മാറ്റത്തിനു ശേഷം സ്വന്തം തട്ടകത്തില്‍ കരുത്ത് തെളിയിച്ചതിന് പിന്നാലെ, നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യമിട്ട് കേരള കോണ്‍ഗ്രസ് എം. കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഉള്‍പ്പെടെ മുന്നേറ്റം ഉണ്ടാക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ജോസ് കെ. മാണി. നല്‍കിയ സീറ്റുകളില്‍ ഏറിയ പങ്കും ജോസ് പക്ഷം വിജയിച്ചതോടെ ആശങ്കയിലായത് സിപിഐയും എന്‍സിപിയുമാണ്.

നിയമസഭയുടെ സെമിഫൈനല്‍ പോരാട്ടമായ തദ്ദേശ തെരഞ്ഞെടുപ്പില്‍, ഇടതുമുന്നണിയുടെ മധ്യകേരളത്തിലെ കുതിപ്പിന് കരുത്തേകിയത് കേരള കോണ്‍ഗ്രസ് എമ്മാണ്. എല്‍ഡിഎഫിന് അപ്രാപ്യമായിരുന്ന പല തദ്ദേശസ്ഥാപനങ്ങളിലും ഇക്കുറി ചരിത്രം തിരുത്തി കുറിച്ചു. യുഡിഎഫ് കോട്ടയായിരുന്ന കോട്ടയത്തിനു പുറമേ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും ഇടതുമുന്നണിയെ താങ്ങി നിര്‍ത്തിയത് ജോസ് കെ. മാണിയാണ്.

യുഡിഎഫ് നീതികേട് കാണിച്ചെന്ന വാദം അണികളിലേക്കും വോട്ടര്‍മാരിലേക്കുമെത്തിക്കാന്‍ ജോസ് കെ. മാണിക്കായി. നേട്ടങ്ങളുടെ വലിയ പട്ടിക നിരത്തിയാണ് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ചര്‍ച്ചകളിലേക്ക് കേരള കോണ്‍ഗ്രസ് എം. കടക്കുന്നത്. 2016 ല്‍ 15 സീറ്റുകളിലാണ് യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ചത്. ഇതില്‍ കുറയാത്ത സീറ്റുകള്‍ ലക്ഷ്യമിട്ടാണ് ജോസ് പക്ഷത്തിന്റെ നീക്കം. പാലാ നഗരസഭയിലെ വിജയം ഉയര്‍ത്തി കാട്ടി സ്വന്തം തട്ടകമായ പാലാ സീറ്റിനായി അവകാശവാദം ഉയര്‍ത്തും.

എന്‍സിപിയുടെ സിറ്റിംഗ് സീറ്റായ പാലാ, ഇടതുമുന്നണിക്ക് സീറ്റ് വിഭജന ചര്‍ച്ചകളില്‍ കീറാമുട്ടി ആയേക്കും. സീറ്റ് വിട്ടു നല്‍കില്ലെന്ന് വ്യക്തമാക്കി മാണി സി. കാപ്പന്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വേണ്ടത്ര പരിഗണന നല്‍കിയില്ലെന്നു പറഞ്ഞ്, കാപ്പന്‍ പോളിംഗ് പൂര്‍ത്തിയാകും മുന്‍പ് അതൃപ്തിയും രേഖപ്പെടുത്തി. കേരള കോണ്‍ഗ്രസ് എമ്മിന്റെ സിറ്റിംഗ് സീറ്റായ കാഞ്ഞിരപ്പള്ളിയും തര്‍ക്കത്തിന് വഴിവെക്കും.

ഇടതുമുന്നണിയില്‍ സിപിഐ മത്സരിച്ചിരുന്ന സീറ്റാണ് കാഞ്ഞിരപ്പള്ളി. ഇവിടെ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് സിപിഐ നേരത്തെ നിലപാട് അറിയിച്ചിരുന്നു. കേരള കോണ്‍ഗ്രസ് എം ആവശ്യപ്പെടുന്ന കടുത്തുരുത്തിയില്‍ കേരള കോണ്‍ഗ്രസ് സ്‌കറിയാ തോമസ് വിഭാഗമാണ് കഴിഞ്ഞ തവണ മത്സരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റം ചൂണ്ടിക്കാട്ടി പാലാ, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി സീറ്റുകള്‍ സിപിഐഎം ഇടപെട്ട് ഏറ്റെടുത്താല്‍ ഇടതുമുന്നണിയില്‍ തര്‍ക്കം മുറുകിയേക്കും.

അതേസമയം, തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതോടെ യുഡിഎഫില്‍ നിന്നു ജോസ് കെ. മാണിയെ പുറത്താക്കാന്‍ അനാവശ്യതിടുക്കം കാണിച്ചെന്ന വാദം യുഡിഎഫില്‍ ഒരു വിഭാഗം വീണ്ടും ഉയര്‍ത്തിക്കഴിഞ്ഞു. അതും വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴി വയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

4 ജി സ്പെക്‌ട്രം വില്‍പ്പന; ട്രായ് നിര്‍ദേശത്തേക്കാള്‍ കുറഞ്ഞ കരുതല്‍ വിലയ്ക്ക് അംഗീകാരം

ദില്ലി: 4 ജി സ്പെക്‌ട്രം വില്‍പ്പനയുടെ കരുതല്‍ വില ട്രായി ഉപദേശത്തേക്കാള്‍ കുറവ്. ഏഴ് ഫ്രീക്വന്‍സി ബാന്‍ഡുകളിലായി 2251.25 മെഗാഹെര്‍ട്സ് സ്പെക്‌ട്രം 3.92 ലക്ഷം കോടി രൂപ കരുതല്‍ വിലയ്ക്ക് വില്‍ക്കാനാണ് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അനുമതി നല്‍കിയത്. രാജ്യത്ത് 5 ജി സ്പെക്‌ട്രം ലേലം ചെയ്യുന്നതിനായി ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് (ഡിഒടി) സ്പെക്‌ട്രം ബാന്‍ഡുകള്‍ക്ക് അന്തിമരൂപം നല്‍കിയിട്ടില്ലാത്തതിനാല്‍ 4 ജി സേവനങ്ങള്‍ക്ക് മാത്രമുള്ളതാണ് ഈ ലേലം. ടെലികോം സേവന ദാതാക്കളില്‍ […]

You May Like

Subscribe US Now